തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി ആഭ്യന്തരവകുപ്പ്. മലപ്പുറം എസ്.പിയടക്കം 12 ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റമുണ്ടായത്. എന്നാല്‍, ഗുരുതരാരോപണങ്ങള്‍ നേരിടുന്ന ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കസേരക്ക് മാത്രം ഇളക്കം തട്ടിയില്ല.
അന്‍വറിന്റെ ആരോപണം നേരിട്ട മലപ്പുറം എസ്.പി എസ്. ശശിധരനെ എറണാകുളം വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയപ്പോള്‍ പൊലീസ് ആസ്ഥാനത്തെ എഐജി ആര്‍. വിശ്വനാഥിനെയാണ് ആ സ്ഥാനത്തേക്ക് നിയമിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സ്ഥാനത്ത് കെ.വി സന്തോഷിനെയും നിയമിച്ചു. അന്‍വറിന്റെ പരാതിയില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരടക്കം മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്. അതില്‍ മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ച വി.വി ബെന്നിയും ഉള്‍പ്പെടും. നിയമനം ലഭിച്ചിട്ടും വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതല ഏറ്റെടുക്കാതിരുന്ന എ. അക്ബറിനെ നീക്കി സി.എച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിയായാണ് നിയമിച്ചത്. എസ്. ശ്യാംസുന്ദറിനെ നീക്കി, പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.
ശ്യാംസുന്ദറിനെ ദക്ഷിണ മേഖലാ ഡിഐജിയായാണ് നിയമിച്ചത്. അന്‍വര്‍ ഉന്നയിച്ച മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരംമുറി പരാതി അന്വേഷിക്കുന്ന തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നല്‍കി. ജെ. ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.
പൊലീസിനെതിരെയുള്ള ഭരണപക്ഷ എംഎല്‍എയുടെ ആരോപണങ്ങള്‍ കൈവിട്ടതോടെയാണ് മലപ്പുറം പൊലീസിലെ ഉന്നതരെ സ്ഥലം മാറ്റി അന്‍വറിന്റെ വായടിപ്പിക്കാനുള്ള ശ്രമവുമായി ആഭ്യന്തര വകുപ്പ് രംഗത്തിറങ്ങിയത്. അതേസമയം എഡിജിപി അജിത് കുമാറിനെതിരെ നടപടി എടുക്കാതെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷത്തിന്റെ എംഎല്‍എമാര്‍ അടക്കം സര്‍ക്കാരിനു മുന്നിലേക്ക് തുടര്‍ച്ചയായി പരാതികള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ഇതിലൊന്നും ചെവി കൊടുത്തില്ല. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ തുറന്നുപറച്ചില്‍.