മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ വയോജന വിനോദയാത്ര സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം നഗരസഭ ചരിത്രം സൃഷ്ടിച്ചു. 60 വയസ്സ് മുതല്‍ 104 വയസ്സുവരെയുള്ള 3010 വയോധികര്‍ പങ്കെടുത്ത മെഗാ വിനോദയാത്രയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ഈ നേട്ടത്തിന് മലപ്പുറം നഗരസഭയെ തേടി യുആര്‍എഫ് വേള്‍ഡ് റിക്കോര്‍ഡ് പുരസ്‌കാരവും എത്തി.
നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച യാത്രയ്ക്ക്, മലപ്പുറത്തിന്റെ മുത്തശ്ശി എന്നറിയപ്പെടുന്ന, 104 വയസ്സ് പൂര്‍ത്തിയാക്കിയ ആലത്തൂര്‍പടി സ്വദേശിനി ഹലീമ ഉമ്മ പതാക കൈമാറി തുടക്കം കുറിച്ചു. ചെയര്‍മാന്‍ മുജീബ് കാടേരി പതാക ഏറ്റുവാങ്ങി.
വര്‍ണ്ണക്കുട ചൂടി കോട്ടക്കുന്ന് മൈതാനത്ത് നിന്ന് ആരംഭിച്ച യാത്രയ്ക്കായി 80 വാഹനങ്ങളാണ് നഗരസഭ സജ്ജമാക്കിയത്. വയനാട്ടിലെ പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളായിരുന്നു പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍.
പൂര്‍ണ്ണമായ സുരക്ഷയും ആരോഗ്യസൗകര്യവും ഉറപ്പാക്കിയാണ് യാത്ര സംഘടിപ്പിച്ചത്. ഒരു ആംബുലന്‍സ്, പ്രത്യേക മെഡിക്കല്‍ ടീം എന്നിവ യാത്രാസംഘത്തെ അനുഗമിച്ചിരുന്നു. യാത്രാനുഭവം എല്ലാവര്‍ക്കും സുഖകരമാക്കാന്‍ നഗരസഭ പ്രത്യേകം ശ്രദ്ധിച്ചു. സായാഹ്നത്തില്‍ നഗരസഭ ഒരുക്കിയ സ്‌നേഹോപഹാരവും ഡിന്നറോടും കൂടിയാണ് ചരിത്രപരമായ ഈ യാത്രയ്ക്ക് സമാപനമായത്.
മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറിയ ഈ മെഗാ വയോജന വിനോദയാത്ര, രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു പുതിയ മാതൃകയാണ് നല്‍കിയിരിക്കുന്നത്.