മലപ്പുറത്ത് എല്‍ഡിഎഫില്‍ പൊട്ടിത്തെറി: പൊന്നാനിയിലും മൂന്ന് പഞ്ചായത്തുകളിലും സിപിഎം – സിപിഐ തുറന്ന പോര്

Jaihind News Bureau
Saturday, November 22, 2025

മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് മുന്നണിയില്‍ വന്‍ പൊട്ടിത്തെറി. സിപിഎമ്മും സിപിഐയും തമ്മില്‍ പൊന്നാനി നഗരസഭയിലും പ്രധാനപ്പെട്ട മൂന്ന് പഞ്ചായത്തുകളിലും തുറന്ന പോരിലാണ്. പലയിടത്തും സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ, മലപ്പുറത്തെ എല്‍ഡിഎഫ് രാഷ്ട്രീയം കടുത്ത പ്രതിസന്ധിയിലായി.

മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് മുന്നണി ധാരണകള്‍ പാടെ തകര്‍ന്നു. പൊന്നാനി നഗരസഭയില്‍ സിപിഐക്ക് അനുവദിച്ച രണ്ട് പ്രധാന ഡിവിഷനുകളില്‍ സിപിഎം നേതാക്കള്‍ തന്നെ വിമതരായി മത്സരിക്കുന്നതാണ് മുന്നണിയെ ഞെട്ടിച്ചിരിക്കുന്നത്. 52-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐ ജില്ലാ കമ്മിറ്റിയംഗം എ.കെ. ജബ്ബാര്‍ മത്സരിക്കുമ്പോള്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി കോയ, ബ്രാഞ്ച് അംഗം അണ്ണാച്ചി അഷ്‌റഫ് എന്നിവര്‍ ഇവിടെ നോമിനേഷന്‍ നല്‍കിയിട്ടുണ്ട്. 53-ാം ഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. സിപിഐയുടെ സുലൈമാനെതിരെ ഡി.വൈ.എഫ്.ഐ. മേഖല ട്രഷറര്‍ ജവാദ്, മറ്റൊരു സിപിഎം നേതാവായ റാഫി എന്നിവര്‍ വിമതരായി രംഗത്തുണ്ട്. നഗരസഭയിലെ തര്‍ക്കങ്ങള്‍ക്കപ്പുറം, വെട്ടത്തൂര്‍, നന്നംമുക്ക്, പറപ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ സിപിഐയും സിപിഎമ്മും തുറന്ന പോരാട്ടത്തിലാണ്.

സിപിഎം മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നതാണ് സിപിഐയുടെ ആരോപണം. നന്നംമുക്ക് പതിനാറാം വാര്‍ഡില്‍ സിപിഎം വിമതനായി സിപിഐ മത്സരിക്കും. ഈ സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. വെട്ടത്തൂരില്‍ സിപിഎമ്മിനെ പാഠം പഠിപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. വാര്‍ഡ് 16-ല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന സിപിഐ, മറ്റ് വാര്‍ഡുകളില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. പറപ്പൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലും സിപിഎം – സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തുണ്ട്. ഈ തുറന്ന പോരാട്ടം മലപ്പുറത്ത് എല്‍ഡിഎഫിന് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിഷയത്തില്‍ സംസ്ഥാന നേതൃത്വം എന്ത് നിലപാടെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.