വീട് ജപ്തി ചെയ്തതിന്റെ മനോവിഷമത്തില്‍ വയോധിക മരിച്ചു. നാലുവര്‍ഷം മുമ്പ് മകനെ കാണാതായതോടെ വായ്പ എടുത്ത 25 ലക്ഷം രൂപ യുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. കിടപ്പുരോഗി കൂടിയായ മാമിയെ പുറത്താക്കി ഇന്നലെയായിരുന്നു ബാങ്ക് ജപ്തി.
കടബാധ്യതയെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പൊന്നാനി പാലപ്പെട്ടി വടക്കേ തട്ടുപറമ്പ് സ്വദേശി ഇടശ്ശേരി ഹൈദ്രുവിന്റെ ഭാര്യ 82 വയസുള്ള മാമി യാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ മൂത്ത മകന്‍ ആലി അഹമ്മദ് പാലപ്പെട്ടി എസ്.ബി.ഐ ബാങ്കില്‍ വീടിന്റെ ആധാരം വെച്ച് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ലോണ്‍ തിരിച്ചടക്കുന്നതിനിടെ നാല് വര്‍ഷം മുമ്പ് ഇയാളെ അബൂദാബിയില്‍ നിന്ന് കാണാതായി. ഇതോടെ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക പലിശയടക്കം 42 ലക്ഷമായി ഉയര്‍ന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഇന്നലെയാണ് കിടപ്പുരോഗി കൂടിയായ മാമിയെ പുറത്താക്കി വീട് ജപ്തി ചെയ്ത് താക്കോലുമായി പോയത്.
വൈകീട്ട് പൊലീസിന്റെയും കോടതി ജീവനക്കാരുടെയും ഒപ്പം എത്തിയ ബാങ്കുകാര്‍ ജപ്തിയുടെ ഭാഗമായി മാമിയെ വീട്ടില്‍നിന്ന് പുറത്താക്കി മകന്റെ വീട്ടിലേക്കാണ് മാറ്റിയത്. ഇതിന്റെ മനോവിഷമത്തിലാണ് മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.