മലപ്പുറം പൊന്നാനിയില്‍ രണ്ട് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം

Jaihind Webdesk
Wednesday, July 17, 2024

 

മലപ്പുറം: പൊന്നാനിയില്‍ രണ്ട് മലമ്പനി കേസുകള്‍ സ്ഥിരീകരിച്ചു. പൊന്നാനി നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. പൊന്നാനിയിലെ അഞ്ചാം വാര്‍ഡിലാണ് ആദ്യമലമ്പനി കേസ് കണ്ടെത്തിയത്. അതിന്‍റെ അടിസ്ഥാനത്തില്‍ പൊന്നാനി, ഇഴുവത്തിരുത്തി, തവനൂര്‍ ബ്ലോക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തര്‍ തുടങ്ങിയവരെ സംഘമാക്കി പ്രദേശത്ത് ഗൃഹസന്ദര്‍ശന സര്‍വ്വേ നടത്തി. 4 പേര്‍ അടങ്ങുന്ന 10 ടീമുകള്‍ വീടുകള്‍ സന്ദര്‍ശിക്കുകയും 1200 രക്തസാമ്പിളുകള്‍ ശേഖരിച്ചതില്‍ വീണ്ടു രണ്ട് മലമ്പനി രോഗം കണ്ടെത്തി സ്ഥിരീകരിക്കുകയും ചെയ്തു. 3 മലമ്പനി കേസുകളാണ് വാര്‍ഡ് 5 ല്‍ നിലവിലുള്ളത്. 21, 54, 17 പ്രായമുള്ള മൂന്ന് സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്.

നഗരസഭയുടെ 4, 5, 6, 7 എന്നീ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അടിയന്തിരമായി നടക്കും. രാത്രി കാലങ്ങളില്‍ കൊതുകുവല ഉപയോഗിക്കുന്നതിനും, ജനങ്ങള്‍ വീടുകളില്‍ കൊതുകു നശീകരണ സാമഗ്രികള്‍ ഉപയോഗിക്കുവാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധന നടത്തുവാനും, ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദര്‍ശന രക്ത പരിശോധനയില്‍ പങ്കാളിയാവണമെന്നും ഡിഎംഒ അറിയിച്ചു. ഉറവിടനശീകരണം, ഫോഗിംഗ്, സ്‌പേയിങ്ങ് എന്നിവ പ്രദേശങ്ങളില്‍ നടക്കും. 100 ആരോഗ്യ പ്രവത്തകരെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.