യുഡിഎഫിന്‍റെ പൊന്നാപുരം കോട്ട കാത്ത് മലപ്പുറവും പൊന്നാനിയും; റെക്കോര്‍ഡ് ഭൂരിപക്ഷം

Jaihind Webdesk
Tuesday, June 4, 2024

 

മലപ്പുറം: യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയില്‍ ഇളക്കം തട്ടാതെ ഇത്തവണയും കാത്ത് സൂക്ഷിച്ച് മലപ്പുറവും പൊന്നാനിയും. റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയാണ് ഇരുമണ്ഡലങ്ങളില്‍ നിന്നും ഇ.ടി. മുഹമ്മദ് ബഷീറിനെയും- അബ്ദു സമദ് സമദാനിയേയും മലപ്പുറത്തുകാര്‍ വീണ്ടും ലോക്‌സഭയിലേക്കയച്ചത്. ഇടഞ്ഞുനിന്ന സമസ്തയിലെ ഒരു വിഭാഗത്തിന്‍റെ ഭീഷണി ചെലവായില്ലെന്നുമാത്രമല്ല, പൊന്നാനിയില്‍ സമദാനിക്ക് വോട്ട് വര്‍ധിക്കുകയും ചെയ്തു.

മലപ്പുറത്ത് നിന്നും 2,85,266 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ വീണ്ടും ലോക്‌സഭയിലേക്കെത്തുന്നത്. 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ 2,60,153 വോട്ടുകളുടെ റെക്കോര്‍ഡാണ് ഇ.ടി. മറികടന്നത്. 2021ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1,14,692 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സമദാനിക്ക് ലഭിച്ചിരുന്നത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ യുഡിഎഫ് തരംഗം ആഞ്ഞടിച്ചത് മലപ്പുറത്തും വോട്ടായി. പോളിംഗ് ശതമാനം കുറഞ്ഞപ്പോഴും മലപ്പുറത്തെ വോട്ടര്‍മാര്‍ യുഡിഎഫിനെ മാറോട് ചേര്‍ത്തു.

പൊന്നാനിയില്‍ സിപിഎമ്മിന്‍റെ മറ്റൊരു പരീക്ഷണം കൂടി പരാജയപ്പെട്ടു. സ്വതന്ത്രനായ കെ.എസ്. ഹംസക്ക് പാര്‍ട്ടി ചിഹ്നം നല്‍കി സിപിഎം നടത്തിയ പരീക്ഷണമാണ് ഇത്തവണ  പരാജയപ്പെട്ടത്. പൊന്നാനിയില്‍ സമസ്തയിലെ ഒരു വിഭാഗം അബ്ദു സമദ് സമദാനിയോട് ഇടഞ്ഞു നിന്നെങ്കിലും പക്ഷെ അതൊന്നും തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിച്ചില്ല. വാഗ്മിയും-മികച്ച പാര്‍ലമെന്‍റേറിയനുമായ അബ്ദുസമദ് സമദാനി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ പൊന്നാനിയില്‍ നിന്നും വിജയിച്ച് വീണ്ടും പാര്‍ലമെന്‍റിലെത്തി.