‘സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം’; ‘മകള്‍ക്കൊപ്പം’ ക്യാമ്പെയ്ന്‍റെ മൂന്നാം ഘട്ടത്തിന് മോഫിയയുടെ ക്യാമ്പസില്‍ നിന്ന് തുടക്കമായി

Jaihind Webdesk
Friday, December 3, 2021

 

തൊടുപുഴ : സ്ത്രീകൾ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് ഡിജിറ്റൽ ലോകത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാഹം എന്നത് പണത്തിനും സ്വത്തിനും വേണ്ടിയുളള അത്യാർത്തി മാത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും യുവതലമുറ ഉറച്ച തീരുമാനമെടുക്കണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സ്ത്രീധന പീഡനത്തിന് എതിരെ നടത്തുന്ന മകൾക്കൊപ്പം ക്യാമ്പെയിന്‍റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സ്ത്രീധന പീഡനത്തിന്റെ ഇര മോഫിയ പർവീൺ പഠിച്ച തൊടപുഴ അൽ അസ്ഹർ കോളേജിൽ നിന്നാണ് മകൾക്കൊപ്പം ക്യാമ്പെയിന്‍റെ മൂന്നാം ഘട്ടത്തിന് പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചത്. മോഫിയയുടെ അനുഭവം പാഠമാകണമെന്നും ഇനിയും മോഫിയമാർ ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ത്രീധനം വാങ്ങുകയും കോടുക്കുകയും ഇല്ലെന്ന ഉറച്ച തീരുമാനം പുതുതലമുറ കൈക്കൊള്ളണം. രക്ഷകർത്താക്കളും ഈ തീരുമാനത്തിനൊപ്പം നിലകൊളളണമെന്നും പ്രതിപക്ഷം നേതാവ് പറഞ്ഞു.

തൊഴിലിടങ്ങളിലടക്കം സ്ത്രീകൾ ആക്രമിക്കപ്പെടുന്ന അരക്ഷിതാവസ്ഥയിലേക്ക് കേരളം പോവുകയാണ്. ഡിജിറ്റൽ ലോകത്തും സ്ത്രീകൾ വലിയ തോതിൽ വേട്ടയാടപ്പെടുകയാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. മോഫിയ പർവീണിന്‍റെ പിതാവ് ദൽഷാദും മകൾക്കൊപ്പം ക്യാമ്പെയ്നിന്‍റെ ഭാഗയി. പിജെ ജോസഫ് എംഎൽഎ, അൽ ആസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെഎം പരീത് തുടങ്ങിയവർക്കൊപ്പം മോഫിയയുടെ സഹപാഠികളും ചടങ്ങിൽ പങ്കെടുത്തു.