ശരണംവിളികളാല്‍ മുഖരിതം സന്നിധാനം; പുണ്യദര്‍ശനത്തിനായി ലക്ഷക്കണക്കിന് ഭക്തര്‍; മകരവിളക്ക് ഇന്ന്

Jaihind News Bureau
Wednesday, January 14, 2026

വ്രതശുദ്ധിയോടെ ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. അയ്യപ്പ ചൈതന്യം പൊന്നമ്പലമേട്ടില്‍ മകരജ്യോതിയായി തെളിയുന്ന പുണ്യനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന വേളയില്‍ നടക്കുന്ന പുണ്യമായ മകരസംക്രമാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് 3.08-നാണ് നടക്കുക. ഇതിനായി നട ഉച്ചയ്ക്ക് 2.45-ന് തുറക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തി വൈകിട്ട് 6.40-ന് ദീപാരാധന നടക്കും. ഈ ഐശ്വര്യ നിമിഷത്തിലാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുന്നത്.

വൈകിട്ട് 6.20-ന് സന്നിധാനത്തെത്തുന്ന തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ബോര്‍ഡ് അംഗങ്ങളായ പി.ഡി. സന്തോഷ് കുമാര്‍, കെ. രാജു തുടങ്ങിയവര്‍ ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് സോപാനത്ത് വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങും.

ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷാ കാരണങ്ങളാല്‍ ഇന്ന് 35,000 പേര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മകരജ്യോതി ദര്‍ശനത്തിന് ശേഷം മടങ്ങിപ്പോകുന്ന ഭക്തര്‍ക്കായി 1000 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉള്‍പ്പെടെ വിപുലമായ യാത്രാ സൗകര്യങ്ങളാണ് പമ്പയില്‍ ഒരുക്കിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കാന്‍ ഭക്തര്‍ സഹകരിക്കണമെന്നും മടക്കയാത്രയില്‍ തിക്കും തിരക്കും കൂട്ടരുതെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

സുരക്ഷയുടെ ഭാഗമായി ഇക്കുറി സന്നിധാനത്തെ ഫ്‌ളൈ ഓവറുകളിലും തിരുമുറ്റത്തും മകരജ്യോതി ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ ഈ ഭാഗങ്ങളില്‍ പ്രവേശനമുണ്ടാവുകയുള്ളൂ. കൂടാതെ, തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യം ഉറപ്പാക്കാന്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം കാര്യക്ഷമമാക്കിയിരുന്നു. ഈ തീര്‍ത്ഥാടന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അടുത്ത വര്‍ഷത്തെ ആസൂത്രണത്തിനുമായി ഫെബ്രുവരി 6-ന് എല്ലാ വകുപ്പുകളുടെയും അവലോകന യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.