മേജര്‍ രവി ഐശ്വര്യ കേരള യാത്ര വേദിയില്‍ ; സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം

Jaihind News Bureau
Friday, February 12, 2021

 

കൊച്ചി : നടനും സംവിധായകനുമായ മേജര്‍ രവി ഐശ്വര്യകേരള യാത്ര വേദിയില്‍. തൃപ്പൂണിത്തുറയില്‍ പ്രതിപക്ഷ നേതാവിനൊപ്പം പങ്കെടുത്തു. പിന്‍വാതില്‍ നിയമനങ്ങളിലടക്കം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് മേജര്‍ രവി ഉന്നയിച്ചത്. സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കണം.   ഇടതുസർക്കാരിനെ താഴെയിറക്കണമെന്നും യുവാക്കള്‍ക്കും വിശ്വാസികള്‍ക്കും നീതി ലഭിക്കാന്‍ യുഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്ന  മേജര്‍ രവി നേരത്തെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും മേജര്‍ രവി  തുറന്നടിച്ചിരുന്നു. രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും  പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.