ന്യൂഡല്‍ഹി: ദേശീയപാത നിര്‍മ്മാണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.) പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തിന് പിന്നാലെ എന്‍.എച്ച്. 66 നിര്‍മ്മാണത്തിലെ അപാകതകള്‍ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സമിതിയുടെ ഈ നടപടി.
ദേശീയപാത അതോറിറ്റിയുടെ (എന്‍.എച്ച്.എ.ഐ) പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഓഡിറ്റ് വേണമെന്ന് പി.എ.സി. ശുപാര്‍ശ ചെയ്തു. കൂരിയാട് റോഡിന്റെ രൂപകല്‍പ്പനയില്‍ പിഴവുകളുണ്ടായെന്ന് എന്‍.എച്ച്.എ.ഐ. സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വീഴ്ച വരുത്തിയ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ടെന്‍ഡര്‍ തുകയുടെ വലിയൊരു ഭാഗം ഉപകരാറുകള്‍ നല്‍കുന്നതില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് സമിതി കണ്ടെത്തി. ഉദാഹരണത്തിന്, കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയ്ക്ക് 3684 കോടി രൂപയ്ക്ക് കരാറെടുത്തപ്പോള്‍, ഉപകരാര്‍ നല്‍കിയത് 795 കോടി രൂപയ്ക്കാണ്. ഇത് ടെന്‍ഡര്‍ തുകയുടെ 54% മാത്രമാണ്. റോഡുകളുടെ രൂപകല്‍പ്പന തീരുമാനിക്കുമ്പോള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൃത്യമായ കൂടിയാലോചന നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലേത് ഉള്‍പ്പെടെയുള്ള ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വമേധയാ ഏറ്റെടുത്താണ് പഠനം നടത്തിയതെന്ന് പി.എ.സി. അധ്യക്ഷന്‍ കെ.സി. വേണുഗോപാല്‍ എം.പി. അറിയിച്ചു. പഠനം തുടരുമെന്നും, സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാത നിര്‍മ്മാണത്തിലെ ഈ ക്രമക്കേടുകള്‍ക്കെതിരെ ഹൈക്കോടതിയും നേരത്തെ രംഗത്തെത്തിയിരുന്നു.