
തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ് ഏരിയയില്‍ വന്‍ അഗ്‌നിബാധ. സ്റ്റേഷനിലെ രണ്ടാമത്തെ കവാടത്തിന് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. പാര്‍ക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ അഗ്‌നിക്കിരയായി.
പ്രാഥമിക വിവരമനുസരിച്ച് 600-ലധികം ബൈക്കുകളാണ് ഈ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്നത്. ആദ്യം രണ്ട് ബൈക്കുകള്‍ക്ക് തീപിടിക്കുകയും നിമിഷങ്ങള്‍ക്കകം അത് സമീപത്തെ മറ്റ് വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നു. നിലവില്‍ വന്‍തോതില്‍ പുക ഉയരുന്നതിനൊപ്പം സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.