വാഷിംഗ്ടണ്‍: ഉയര്‍ന്ന വൈദഗ്ധ്യവും കൂടുതല്‍ ശമ്പളവുമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് യുഎസ് എച്ച്-1ബി വിസ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. നിലവില്‍ ലോട്ടറി സമ്പ്രദായത്തിലൂടെ വിസ അനുവദിക്കുന്ന രീതിക്ക് പകരം, അപേക്ഷകരുടെ യോഗ്യതകളെ അടിസ്ഥാനമാക്കി മുന്‍ഗണന നല്‍കാനാണ് യുഎസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുഎസ് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
പുതിയ നിര്‍ദ്ദേശമനുസരിച്ച്, വിസ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം അപേക്ഷകരുടെ വൈദഗ്ധ്യം, ശമ്പളം, യോഗ്യത എന്നിവയായിരിക്കും. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകള്‍ക്കും മികച്ച വൈദഗ്ധ്യമുള്ളവര്‍ക്കും വിസ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടാകും. നിലവിലെ ലോട്ടറി സംവിധാനത്തിലെ ദുരുപയോഗങ്ങളും തട്ടിപ്പുകളും ഒഴിവാക്കാന്‍ ഈ മാറ്റം സഹായകമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ ഇത് എങ്ങനെ ബാധിക്കുമെന്നത് പ്രധാനമാണ്. നിലവില്‍ എച്ച്-1ബി വിസ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ്. പുതിയ നിയമമനുസരിച്ച്, ഉയര്‍ന്ന ശമ്പളമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ മുന്‍ഗണന ലഭിക്കൂ. ഇത് എച്ച്-1ബി വിസ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. യുഎസ് സാങ്കേതിക മേഖലയിലെ വളര്‍ച്ചയ്ക്കും നവീകരണത്തിനും പുതിയ നിയമങ്ങള്‍ വഴിത്തിരിവാകുമെന്നാണ് യുഎസ് സര്‍ക്കാര്‍ കരുതുന്നത്.