തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, തോമസ് ഐസക് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹിള കോണ്‍ഗ്രസ്. സ്ത്രീ പീഡന കുറ്റം ചുമത്തി ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യമുന്നയിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുധനാഴ്ച മാര്‍ച്ച് നടത്തും. ഡി ജി പി ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ചെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തര്‍ എം പി അറിയിച്ചു.
ബുധനാഴ്ച രാവിലെ കെ പി സി സി ആസ്ഥാനത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ആരോപണ വിധേയരായ മൂന്ന് സി പി എം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 22 ന് സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കി, ഇരുപത് ദിവസമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ജെബി മേത്തര്‍ പറഞ്ഞു.