മേയറുടെ രാജിക്കായി മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം: മർദ്ദിച്ച് പുരുഷ പോലീസ്; ജെബി മേത്തർ എംപി ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക് | VIDEO

Jaihind Webdesk
Wednesday, November 16, 2022

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കു നേരേ പോലീസ് അതിക്രമം . പുരുഷ പോലീസ്, പ്രവർത്തകരെ മർദ്ദിച്ചത് കനത്ത പ്രതിഷേധത്തിന് ഇടയാക്കി. ജെബി മേത്തർ എം പി ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. പുരുഷ പോലീസ് മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

നഗരസഭയ്ക്ക് മുന്നില്‍ യുഡിഎഫ് കൗൺസിലർമാരുടെ അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്. മേയറുടെ കോലം കത്തിച്ചും യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് തീർത്ത പ്രതിരോധ വലയം മറികടന്ന് കോർപ്പറേഷൻ കോമ്പൗണ്ടിലേക്ക് ചാടിക്കടന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ പുരുഷ പോലീസ് മർദ്ദിച്ചു എന്നാആരോപിച്ച് മ്യൂസിയം സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം കത്ത് വിവാദത്തില്‍ 10 ദിവസം പിന്നിട്ടിട്ടും കത്തിന്‍റെ ഉറവി‍ടമോ പ്രചരിപ്പിച്ച‍വരെയോ കണ്ടെത്താതെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഉടൻ നൽകുമെന്ന് അന്വേഷണ സംഘം ആവർത്തിച്ച് പറയുമ്പോഴും യഥാർത്ഥ കത്ത് നശിപ്പിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ച്. നിലവിൽ കൈവശമുള്ള കത്തിന്‍റെ പകർപ്പ് മാത്രം വെച്ച് മുന്നോട്ട് പോകാനാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. നിലവിൽ ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കത്ത് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് അന്വേഷണ സംഘം കടന്നെങ്കിലും പൂർണമായി സ്ഥിരീകരിക്കുന്നില്ല. മേയറുടെയും ആനാവൂർ നാഗപ്പന്‍റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ റിപ്പോർട്ടിന്മേൽ ഉള്ള തുടർ നടപടി പോലീസ് മേധാവി തീരുമാനിക്കും. ഇതിനിടെ ബിജെപി കൗൺസിലർമാരും നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/1453153478505840