ഭരണകൂടം വേട്ടക്കാർക്കൊപ്പം; വാളയാർ കേസില്‍ പുനരന്വേഷണം വേണം : ലതികാ സുഭാഷ്

Jaihind News Bureau
Sunday, October 27, 2019

 

കോട്ടയം : വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മഹിളാ കോൺഗ്രസ്. വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണുണ്ടായത്. ഭരണകൂടം വേട്ടക്കാര്‍ക്കൊപ്പമാണെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് കുറ്റപ്പെടുത്തി.

വനിതാ കമ്മീഷനെതിരെയും ലതികാ സുഭാഷ് രൂക്ഷ വിമർശനം നടത്തി. രാഷ്ട്രീയം നോക്കി നിലപാടുകളെടുത്ത വനിതാ കമ്മീഷൻ അധ്യക്ഷ സി.പി.എമ്മിന്‍റെ കറതീർന്ന പ്രവർത്തകയായാണ് നിലകൊള്ളുന്നതെന്ന് ലതികാ സുഭാഷ് കുറ്റപ്പെടുത്തി. എം.സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വാളയാർ കേസില്‍ പുനരന്വേഷണം വേണമെന്നും നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.

സംഭവത്തില്‍ വ്യാപക പരാതിയാണ് പോലീസിനും സര്‍ക്കാരിനുമെതിരെ നിലനില്‍ക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേസന്വേഷണത്തില്‍ വീഴ്ച പറ്റി എന്നാരോപിച്ച് രംഗത്തെത്തി. പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നെന്നും ആരോപണമുയരുന്നു. അഞ്ചുപേര്‍ പ്രതികളായ കേസില്‍ നാലുപേരെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു.

2017 ജനുവരി 13 നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ടു പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‍മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആദ്യ മരണത്തിൽ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്.ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്.