മഹാത്മാ ഗാന്ധി പേരുമാറ്റ നീക്കം: കോൺഗ്രസ് പാരമ്പര്യം ഒഴിവാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ ശ്രമം

Jaihind News Bureau
Tuesday, December 16, 2025

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേരിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാഷ്ട്രീയ രംഗത്ത് ശക്തമായ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. പദ്ധതി തുടരുമെന്ന് സർക്കാർ ആവർത്തിച്ചു പറയുമ്പോഴും, പേരിൽ  ‘മഹാത്മാ ഗാന്ധി’ അടക്കം കോൺഗ്രസ് ഭരണകാലത്തെ അടയാളങ്ങൾ ഒഴിവാക്കാനുള്ള ശ്രമമാണിതെന്നാണ് പ്രതിപക്ഷ ആരോപണം.

യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ എംജിഎൻആർഇജിഎ, ഗ്രാമീണ ഇന്ത്യയിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കിയ ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതികളിലൊന്നാണ്. പ്രത്യേകിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും അസ്ഥിര വരുമാനമുള്ള തൊഴിലാളികൾക്കും ഈ പദ്ധതി ഒരു സുരക്ഷാ വലയമായിരുന്നു. ഇപ്പോൾ പേരുമാറ്റ നീക്കം വരുന്നതോടെ എംജിഎൻആർഇജിഎയെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് വേർതിരിക്കാനുള്ള ശ്രമമാണിതെന്ന് വിലയിരുത്താം. ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട കോൺഗ്രസ് പാരമ്പര്യം പൊതു ബോധത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, പേരുമാറ്റം ഭരണപരമായ ലളിതവൽക്കരണമാണെന്നും, പദ്ധതി കൂടുതൽ വികസനകേന്ദ്രിതമായി പുനഃസംവിധാനിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. ‘വികസിത് ഭാരത്’ ദർശനവുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് പുതിയ പേര് തെരഞ്ഞെടുക്കുന്നതെന്നും സർക്കാർ വാദിക്കുന്നു.

എന്നാൽ, ദേശീയ തലത്തിൽ ബിജെപി കോൺഗ്രസ് രാഷ്ട്രീയ പോരാട്ടം കടുപ്പിക്കുന്ന ഘട്ടത്തിൽ, എംജിഎൻആർഇജിഎയുടെ പേരുമാറ്റ നീക്കം വെറും ഭരണപരമായ തീരുമാനമല്ല, മറിച്ച് വ്യക്തമായ രാഷ്ട്രീയ സന്ദേശം ഉൾക്കൊള്ളുന്ന നീക്കമാണെന്ന് വിലയിരുത്താം. സാമൂഹ്യക്ഷേമ പദ്ധതികളുടെ പേരിലൂടെയും അവകാശവാദങ്ങളിലൂടെയും രാഷ്ട്രീയം പുനർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമമായും ഇതിനെ കാണാം.