ഇന്ന് മഹാശിവരാത്രി; ഭക്തിസാന്ദ്രമായി ശിവക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും

Jaihind Webdesk
Monday, March 4, 2019

ഇന്ന് മഹാശിവരാത്രി. നാടെങ്ങും പഞ്ചാക്ഷര മന്ത്രമുഖരിതമാണിന്ന്. ശിവക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ശിവരാത്രി വൃതവും ഏറെ പ്രശസ്തമാണ്.

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. കാമ ക്രോധ ലോഭ മദമാത്സര്യങ്ങളെ ഉള്ളിൽ നിന്ന് കഴുകിക്കളയാനുും ശുഭവും ശൈവ ചിന്തയിലും മനസ്സ് നിറയാനുമാണ് ശിവരാത്രി വൃതം അനുഷ്ഠിക്കുന്നത്. ഉദ്ദിഷ്ട കാര്യ സിദ്ധിക്കും കുടംബത്തിൽ ശാന്തിയും സമാധാനവും കൈവരുന്നതിനും സന്താന സൗഭാഗ്യത്തിനും മംഗല്യ ഭാഗ്യത്തിനുമൊക്കെയായി ഭക്തർ ശിവരാത്രി വൃതമനുഷ്ഠിക്കുന്നു. പരമശിവനെ ഭർത്താവായി ലഭിക്കാൻ പാർവ്വതി ദേവി ഉറക്കമിളച്ച് തപസ്സനുഷ്ഠിച്ച ദിവസമാണ് ശിവരാത്രിയെന്നും ശിവന്റെ ആദിയും അന്തവും കണ്ടെത്താൻ ബ്രഹ്മാവും വിഷ്പണുവും തർക്കമുണ്ടായ ദിവസമെന്നും ദേവാസുരന്മാർ പാലാഴി കടഞ്ഞ പ്പോൾ ലഭിച്ച വാസുകിയുടെ ഉള്ളിൽ നിന്ന് വമിച്ച കാളകൂട വിഷം ഭൂമിയിൽ പതിക്കാതിരിക്കാൻ പരമേശ്വരൻ പാനം ചെയ്ത ദിവസമെന്നും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. ഈ ദിനത്തിൽ ഉറക്കമിളച്ചും ഭക്ഷണമുപേക്ഷിച്ചും ഒരിക്കലുണ്ടുമെല്ലാം ഭക്തർ ശിവരാത്രി വൃതമനുഷ്ഠിക്കുന്നു. ഈ ദിവസം എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും. ആലുവ മഹാകേഷത്രത്തിലുൾപ്പെടെ പിതൃതർപ്പണകർമ്മങ്ങൾക്കും സൗകര്യമൊരുക്കും. ശിവരാത്രി വൃതം നോറ്റ് ശിവലിംഗത്തിൽ അഭിഷേകവും കൂവളത്തിലകൊണ്ട് അർച്ചനയും നടത്തിയാൽ ആ ആത്മാവ് ശിവലോകം പൂകുമെന്നും വിശ്വാസമുണ്ട്.