മഹാരാഷ്ട്രയില്‍ ബി.ജെ.പി നീക്കങ്ങള്‍ പാളുന്നു; ഫഡ്നവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

Jaihind Webdesk
Friday, November 8, 2019

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വഴങ്ങാതെ ശിവസേന. ഇതോടെ ബി.ജെ.പിയുടെ കുതന്ത്രങ്ങളുടെ ഫലപ്രാപ്തിയില്‍ വിശ്വാസമില്ലാതായ ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് ബി.ജെ.പി പിന്‍മാറുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ സംസ്ഥാനത്ത്. ആര്‍എസ്എസിനെ രംഗത്തിറക്കിയുള്ള ചര്‍ച്ചകളും ഫലം കാണാതെ വന്നതോടെയാണ് ഫഡ്‌നവിസിന്റെ രാജി.

ദേവേന്ദ്ര ഫഡ്‌നവിസും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. രാജിപ്രഖ്യാപനം അറിയിക്കാനായിരുന്നു സന്ദര്‍ശനം. നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്നവിസിന് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സാവകാശം ഉള്ളത്. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഒരിക്കലും ശിവസേനയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഫഡ്‌നവിസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങി. ശരദ് പവാറിനെ കാണാന്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്റെ വസതിയിലെത്തി.