ഇന്ന് മഹാനവമി; ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്

Jaihind Webdesk
Thursday, October 18, 2018

ഇന്ന് മഹാനവമി. മഹാനവമിയോടെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ഘട്ടത്തിലേക്ക് കടന്നു. ദിവസങ്ങൾക്ക് മുമ്പേ ക്ഷേത്രങ്ങളിൽ നവരാത്രിയോടനുബന്ധിച്ച വിവിധ പൂജകളും ആഘോഷങ്ങളും നടക്കുകയാണ്. പുസ്തക പൂജയ്ക്കും, ആയുധ പൂജയ്ക്കുമായി വിശ്വാസികൾ ക്ഷേത്രങ്ങളിലെത്തുകയാണ്. നാളെ വിജയദശമി ദിനത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥോൽസവം ഇന്ന് നടക്കും. ദക്ഷിണമൂകാംബിക എന്ന പേരില്‍ പ്രസിദ്ധമായ പനച്ചിക്കാടും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ഭക്തവത്സലയായ ദുർഗാദേവി തിലോത്തമയുടെ രൂപം കൊണ്ട് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. മഹാദേവന്‍റെ നിർദ്ദേശ പ്രകാരം ദുർഗ്ഗാദേവിയായി അവതരിച്ച പാർവ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവിൽ മഹിഷാസുരനെ വധിക്കുന്നു. മനിഷാസുരന്‍റെ വധത്തിൻമേൽ നേടുന്ന വിജയത്തിന്‍റെ ആഘോഷമാണ് വിജയദശമി. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായും ഇതിനെ കണക്കാക്കുന്നു.

ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച്പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്.

കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം.  ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.  അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു. രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സര്‍വശക്തിമാന്‍ ആയെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം.