ഇന്ത്യന്‍ സൈന്യം മോദിയുടെ കാല്‍ക്കല്‍; മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍; സൈനികരെ ബിജെപി അപമാനിച്ചതായി പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Friday, May 16, 2025

ഭോപ്പാല്‍: മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു നടത്തിയ പരാമര്‍ശം രാഷ്ട്രീയ വിവാദത്തില്‍. ജബല്‍പൂരില്‍ നടന്ന ഒരു സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ പരിശീലന പരിപാടിയില്‍ സംസാരിക്കവെയാണ് ‘രാഷ്ട്രം മുഴുവന്‍, ഇന്ത്യന്‍ സൈന്യവും സൈനികരും ഉള്‍പ്പെടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ക്കല്‍ നമിക്കുന്നു’ എന്ന് ദേവ്ദ പ്രസ്താവിച്ചത്.

നേരത്തെ, മധ്യപ്രദേശ് മന്ത്രി വിജയ് ഷാ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള മോദിയുടെ പ്രതികരണത്തെ പ്രശംസിക്കുന്നതിനിടെയായിരുന്നു ദേവ്ദയുടെ ഈ വിവാദ പരാമര്‍ശം. ‘രാജ്യം മാത്രമല്ല, സൈന്യം മുഴുവനും ഭീകരതയ്ക്കെതിരായ മോദിയുടെ ശക്തമായ നിലപാടിന് മുന്നില്‍ അദ്ദേഹത്തെ നമിക്കുകയാണ്,’ എന്ന് ദേവ്ദ പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അഭിനന്ദിക്കാന്‍ സദസ്സിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഭീകരസംഘടനകള്‍ക്കെതിരെ മോദി സ്വീകരിച്ച നിര്‍ണായക നടപടികള്‍ക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ക്കെതിരായ പോരാട്ടത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കിയെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേവ്ദയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്ത് നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി ഈ പ്രസ്താവന ‘അങ്ങേയറ്റം ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണ്’ എന്ന് വിശേഷിപ്പിച്ചു. ‘ആദ്യം മധ്യപ്രദേശിലെ ഒരു മന്ത്രി വനിതാ സൈനികരെക്കുറിച്ച് മോശം പരാമര്‍ശം നടത്തി, ഇപ്പോള്‍ ഉപമുഖ്യമന്ത്രി നമ്മുടെ സായുധ സേനയെ അപമാനിച്ചിരിക്കുന്നു. നമ്മുടെ സൈനികരുടെ ധീരതയില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു, എന്നാല്‍ ബിജെപി നേതാക്കള്‍ അവരെ സ്ഥിരമായി അനാദരിക്കുകയാണ്. അത്തരം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ബിജെപി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ സൈനികര്‍ക്കും ഈ രാജ്യത്തെ ജനങ്ങള്‍ക്കും പാര്‍ട്ടി എന്ത് സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നത്?’ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു,

ദേവ്ദയുടെ പ്രസ്താവന വലിയ രാഷ്ട്രീയ കോളിളക്കത്തിനാണ് വഴിവെച്ചിരിക്കുന്നത്.