മലയാള സാഹിത്യത്തിലെ വിപ്ലവകാരി; വായനയുടെ നീര്‍മാതളപ്പൂക്കള്‍ പകര്‍ന്നു നല്‍കി, മാധവിക്കുട്ടി വിടപടഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ചാണ്ട്

Jaihind Webdesk
Friday, May 31, 2024

 

മലയാളികളുടെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷം. കഥകളിലൂടെയും കവിതകളിലൂടെയും മലയാളികളുടെ സ്വന്തം ആമി ഇന്നും ജീവിക്കുകയാണ്.  സ്‌നേഹം തേടിയലയുന്ന സ്ത്രീ ജീവിത്തതിന്‍റെ വൈരുദ്ധ്യങ്ങളും വിഹ്വലതകളും മലയാളിയ്ക്ക് പരിചതമാക്കിയ മാധവിക്കുട്ടി എഴുതിയവസാനിപ്പിച്ച് മടങ്ങിയ വാക്കുകളിലൂടെ ഇന്നും സാഹിത്യ പ്രേമികളുടെ വികാരമായി പുനര്‍ജീവിക്കുന്നു.

ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ മാംസവും അസ്ഥികളും ദൂരെയെറിഞ്ഞ് കളയരുത്. അവ കൂനകൂട്ടിവെക്കുക. അവയുടെ ഗന്ധത്താല്‍ പറയട്ടെ ജീവിതത്തിന് എന്ത് മേന്മ ഉണ്ടായിരുന്നുവെന്ന്. അവസാനം സ്‌നേഹത്തിന്‍റെ മാഹാത്മ്യം എന്തായിരുന്നുവെന്ന്… തന്‍റെ മരണത്തെപ്പോലും ഭാവനയാല്‍ സമ്പന്നമാക്കിയ കഥാകാരി. കേരളീയസമൂഹത്തിന് ആരായിരുന്നു മാധവിക്കുട്ടി എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയുക സാധ്യമല്ല. ഒരുപക്ഷേ ഒരു തലമുറയും മാധവിക്കുട്ടിയെ വായിക്കാതെ കടന്നുപോകുന്നില്ല. സാഹിത്യത്തില്‍ സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തുക വലിയ വെല്ലുവിളിയായിരുന്ന കാലത്തുതന്നെയാണ് മാധവിക്കുട്ടിയും എഴുത്തിന്‍റെ ലോകത്തേക്കെത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ആമി, വായനയുടെ നീര്‍മാതളപ്പൂക്കള്‍ പകര്‍ന്നു നല്‍കി വിടപടഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ചാണ്ട്. സ്ത്രീയുടെ പ്രണയത്തെ പ്രണയ വികാരത്തെ അത്രേമേല്‍ തുറന്നെഴുതിയ കലാകാരി മാധവിക്കുട്ടി അല്ലാതെ മറ്റാരാണ്. സ്‌നേഹമായിരുന്നു മാധവിക്കുട്ടിയുടെ ഭാഷ. പ്രണയമായിരുന്നു കരുത്ത്. സ്‌നേഹം തേടിയലയുന്ന സ്ത്രീ ജീവിത്തതിന്‍റെ വൈരുദ്ധ്യങ്ങളും വിഹ്വലതകളും മലയാളിയ്ക്ക് പരിചതമാക്കിയ എഴുത്തുകാരി- മാധവിക്കുട്ടി. എം.പി. നാരായണപിള്ള, വികെഎന്‍, ഒ.വി. വിജയന്‍ തുടങ്ങിയവരുടെ രചനകളാല്‍ മലയാളസാഹിത്യം പ്രബലമായ കാലഘട്ടത്തിലായിരുന്നു മാധവിക്കുട്ടിയുടെ കടന്ന് വരവ്. സാഹിത്യ രചനയില്‍ പുരുഷാധിപത്യം കൊടുകുത്തി നിന്ന കാലത്ത് പെണ്‍ മനസ്സിലൂടെയുള്ള പെണ്‍യാത്രകളും പെണ്ണിലൂടെയുള്ള കാഴ്ച്ചകളും മാധവിക്കുട്ടിയുടെ രചനകളില്‍ നിറഞ്ഞു നിന്നു. 15 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള എന്‍റെ കഥ, ഭയം എന്‍റെ നിശാവസ്ത്രം, എന്‍റെ സ്‌നേഹിത, അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, അങ്ങനെ നിരവധി സംഭാവനകള്‍.

നിര്‍ഭയത്വം തന്‍റെ രചനകളില്‍ വിപ്ലവങ്ങളായി പ്രതിദ്വനിക്കുമ്പോഴും വ്യക്തി ജീവിതത്തില്‍ ചെറിയ കാര്യങ്ങളില്‍ പോലും സങ്കടപ്പെടുന്ന കൊച്ചു കുട്ടിയുടെ മനസ്സായിരുന്നു മാധവിക്കുട്ടിയെന്ന കമല സുരയയ്യ്ക്ക്. മാധവിക്കുട്ടി ഇംഗ്ലീഷില്‍ കമലാ ദാസായും വാക്കുകളുടെ വിസ്മയം തീര്‍ത്തു. സ്ത്രീ സ്വാതന്ത്രത്തിന്‍റെ അപ്രഖ്യാപിത അതിരുകള്‍ തകര്‍ത്ത് ജീവിതം ഒരു ഉത്സവം പോലെ അവര്‍ ആടിത്തീര്‍ത്തു. വരികള്‍ക്കപ്പുറത്ത് വായന കൈവിടുന്ന തീക്ഷണതയിലേക്ക് അനുവാചകരെ കൊണ്ടെത്തിക്കുന്ന രചനകളായിരുന്നു മാധവിക്കുട്ടിയുടേത്. കൃഷ്ണനെ പ്രണയിച്ചവള്‍ അല്ലാഹുവിനെ അഭയം കണ്ടപ്പോഴും ആക്രമണത്തിനിരയായി. തന്‍റെ ഹൃദയത്തിന്‍റെ ഭാഷയ്‌ക്കൊപ്പം വഴിനടന്ന അവരുടെ ആത്മ വിശുദ്ധി മതത്തിനു പോലും ഉടച്ച് വാര്‍ക്കാനായില്ല. പുന്നയൂര്‍ക്കുളത്തെ കാവുളിലും കുളക്കടവിലും നീര്‍മാതളം മണക്കുന്ന ഇടവഴികളിലും മാത്രമല്ല മലയാളികളുടെ മനസ്സില്‍ ആമി ഇന്നും ജീവിക്കുകയാണ്.  വാക്കുകളുടെ രാജകുമാരി എഴുതിയവസാനിപ്പിച്ച് മടങ്ങിയ വാക്കുകളിലൂടെ ഇന്നും സാഹിത്യ പ്രേമികളുടെ വികാരമായി പുനര്‍ജനിക്കുന്നു.