കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെ അവധി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. കഴിഞ്ഞ രാത്രി മുഴുവന്‍ ജില്ലയില്‍ ശക്തമായ മഴ പെയ്തിട്ടും അവധി പ്രഖ്യാപനം വൈകിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
ബുധനാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെയും ശക്തമായി തുടര്‍ന്നിട്ടും രാവിലെ ആറേ മുക്കാലോടെ മാത്രമാണ് അവധി പ്രഖ്യാപിച്ചത്. പല രക്ഷിതാക്കളും കുട്ടികളെ ഒരുക്കുകയും സ്‌കൂള്‍ ബസുകള്‍ പുറപ്പെടുകയും ചെയ്ത ശേഷമാണ് അറിയിപ്പ് വന്നത്. ഇതോടെ ‘സ്‌കൂളില്‍ കുട്ടികള്‍ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു,’ എന്ന പ്രതികരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു. ‘സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുന്‍പ് അപ്ഡേറ്റ്’ എന്നും ‘ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്, മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’ എന്നും പരിഹാസങ്ങള്‍ ഉയര്‍ന്നു.
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കളക്ടറുമായി സംസാരിച്ച ശേഷമാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് തൊട്ടുപിന്നാലെ മാത്രമാണ് കളക്ടറുടെ ഔദ്യോഗിക പേജിലും അവധി സംബന്ധിച്ച കുറിപ്പ് വന്നത്.
‘നാട്ടിലെ അവസ്ഥ മനസിലാക്കാന്‍ മന്ത്രി പറഞ്ഞു തരേണ്ടി വരുന്നു, കഷ്ടം മാഡം,’ എന്നും ‘വി ശിവന്‍കുട്ടി അണ്ണന്റെ ഫെയ്സ്ബുക്കില്‍ വന്നതിനു പിന്നാ സഹീബ (കളക്ടര്‍) ഉറക്കത്തില്‍ നിന്ന് ഏണീറ്റ് പോസ്റ്റ് ഇട്ടത്’ എന്നുമുള്ള കമന്റുകളും പോസ്റ്റിനടിയില്‍ നിറഞ്ഞു.
അവധി പ്രഖ്യാപിച്ചെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. അതേ സമയം കനത്ത മഴ കാരണം തമ്പാനൂരില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കൂടാതെ, പൊന്‍മുടിയിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.