സൗദി ഡിജിറ്റല്‍ ബാങ്കില്‍ എം.എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം; ഓഹരി നേടിയ സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിത്വം

 

റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീകരിച്ച വിഷന്‍ ബാങ്കിന്‍റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയുമാണ് യൂസഫലി.

പ്രമുഖ സൗദി വ്യവസായിയായ ഷെയ്ഖ് സുലൈമാന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ റാഷിദ് ചെയര്‍മാനായ വിഷന്‍ ബാങ്കില്‍ പ്രമുഖരായ സൗദി വ്യവസായികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ളത്. ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയില്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്.
600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്‍റെ മൂലധനം. ഈ വര്‍ഷാവസാനത്തോടെ വിഷന്‍ ബാങ്ക് പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തന സജ്ജമാകും.

ലോകത്തെ മുന്‍നിര സാമ്പത്തിക കേന്ദ്രമാകാന്‍ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നത്. വിഷന്‍ ബാങ്ക്, എസ്ടിസി എന്നിവയടക്കം മൂന്ന് ഡിജിറ്റല്‍ ബാങ്കുകള്‍ക്കാണ് സൗദി ഭരണകൂടം പ്രവര്‍ത്തനാനുമതി നല്‍കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ഏറ്റവും വലിയ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030 ന്‍റെ നയങ്ങള്‍ക്കനുസരിച്ചാണ് ഡിജിറ്റല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

Comments (0)
Add Comment