ദുബായ് : മലയാളി വ്യവസായി എം.എ യൂസഫലിയുടെ, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍, അറബ് വ്യവസായ പ്രമുഖനും അബൂദാബി രാജ കുടുംബാംഗവുമായ ഷെയ്ഖ് തഹനൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ബിസിനസ് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ലുലു ഗ്രൂപ്പും, ശൈഖ് തഹനൂന്റെ ഉടമസ്ഥതതയിലുള്ള റോയല്‍ ഗ്രൂപ്പും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ഔദ്യോഗികമായി പിന്നീട് പ്രതികരിക്കാമെന്നാണ് ഇവര്‍ നല്കുന്ന സൂചന. റിപ്പോര്‍ട്ട് അനുസരിച്ച്, ശതകോടി ഡോളറാണ് ഷെയ്ഖ് തഹനൂന്‍ ലുലൂ ഗ്രൂപ്പില്‍ നിക്ഷേപിക്കുക. വാണിജ്യം, റിയല്‍ എസ്റ്റേറ്റ്, മാധ്യമം തുടങ്ങി നിരവധി മേഖലകളില്‍ നിക്ഷേപമുള്ള കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. ഫസ്റ്റ് അബൂദാബി ബാങ്കിന്റെ ചെയര്മാന് കൂടിയാണ് ഷെയ്ഖ് തഹനൂന്‍. റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് ലുലു മാധ്യമ വിഭാഗം മേധാവി വി നന്ദകുമാര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.