ദുബായ് : സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിച്ച, ആദ്യത്തെ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി മാറി. സൗദി ഗവണ്‍മെന്‍റിന് കീഴിലെ പ്രീമിയം റസിഡന്‍സി സെന്‍റര്‍ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. വന്‍കിട നിക്ഷേപര്‍ക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് സൗദിയുടെ പ്രീമിയം റസിഡന്‍സി കാര്‍ഡ്. രാജ്യത്തേക്ക് ആഗോള നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
സൗദി അറേബ്യയില്‍ കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് , സ്ഥിരതാമസത്തിനുള്ള ഈ അനുമതി സൗദി ഭരണകൂടമാണ് നല്‍കുന്നത്. പ്രീമിയം റസിഡന്‍സി പദ്ധതി അനുസരിച്ച് , സ്ഥിര താമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്ക് ഇനി രാജ്യത്ത് സ്‌പോണ്‍സര്‍ ഇല്ലാതെ വ്യവസായം ചെയ്യാനാകും. കൂടാതെ, പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമടക്കം വസ്തുവകകള്‍ വാങ്ങാനും സാധിക്കും.
സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡന്‍സി കാര്‍ഡിന് അര്‍ഹനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.യൂസഫലി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ദീര്‍ഘദര്‍ശികളായ സല്‍മാന്‍ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, സൗദി സര്‍ക്കാരിനും ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ വന്‍ തോതിലുള്ള മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ നടക്കുന്നത്. രാജ്യാന്തര നിക്ഷേപകര്‍ വരുന്നതോടെ സൗദിയുടെ സാമ്പത്തിക രംഗം കൂടുതല്‍ മികച്ചതാകും. ആദ്യത്തെ പ്രീമിയം റസിഡന്‍സി പ്രവാസികള്‍ക്കുള്ള ബഹുമതിയായാണ് കാണുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. നേരത്തെ യു.എ.ഇ.യുടെ ആദ്യത്തെ സ്ഥിരതാമസ അനുമതിയും യൂസഫലിക്കാണ് ലഭിച്ചത്.
3000-ല്‍പ്പരം സൗദി സ്വദേശികള്‍ ജോലി ചെയ്യുന്ന ലുലുവിന് , നിലവില്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പര്‍മാര്‍ക്കറ്റുകളാണുള്ളത്. ഇത് കൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്‍റെ എട്ടു മിനി മാര്‍ക്കറ്റുകളുടെളുടെയും നടത്തിപ്പും ചുമതലയും ലുലുവിനാണ്. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 2022 വര്‍ഷം ആകുമ്പോള്‍, 30 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി സൗദിയില്‍ ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നു.