ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി എം.എ യൂസഫലി

Jaihind Webdesk
Saturday, July 29, 2023

 

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച് എം.എ. യൂസഫലി. ഉച്ചയ്ക്ക് 12 മണിയോടെ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചു. ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം ആയിരുന്നു തനിക്കുണ്ടായിരുന്നതെന്നും പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം എന്നും എം.എ. യൂസഫലി അനുസ്മരിച്ചു.

അതിനിടെ ബസ് ഇല്ലെന്ന നിവേദനവുമായി എത്തിയ സ്കൂൾ കുട്ടികൾക്ക് ബസ് വാങ്ങിനൽകാമെന്ന ഉറപ്പും യൂസഫലി നൽകി. സ്കൂൾ അധികൃതരും വിദ്യാർത്ഥികളുമാണ് അദ്ദേഹത്തെ കാണാൻ വന്നത്. യൂസഫലിയോട് ഇതുമായി ബന്ധപ്പെട്ട കാര്യം പറയാമെന്ന് ഉമ്മൻ  ചാണ്ടി പറഞ്ഞിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. ഉമ്മൻ ചാണ്ടി സാർ പറയാൻ പറഞ്ഞ കാര്യമല്ലേ അത് ഞാന്‍ ചെയ്യും എന്നായിരുന്നു യൂസഫലിയുടെ പ്രതികരണം. കുട്ടികള്‍ക്ക് സ്കൂള്‍ ബസ് വാങ്ങി നൽകാമെന്ന് യൂസഫലി ഉറപ്പ് നല്‍കി. എങ്ങനെയുള്ള ബസ് ആണ് വേണ്ടതെന്നും സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും പറയാനും യൂസഫലി ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കുടുംബാം​ഗങ്ങളോടൊത്ത് അല്‍പ്പസമയം ചെലവഴിച്ചതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.