പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തു ; പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിൽ എം.എ.യൂസഫലി

Jaihind News Bureau
Monday, December 7, 2020

ന്യൂഡൽഹി: അടുത്ത വർഷം ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ നാമനിർദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാർഡ് ജൂറിയിലേക്ക് യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 5 വ്യക്തികളുടെ പേര് ഉൾപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

കോവിഡ്19 വ്യാപനം മൂലം 2021 വർഷത്തെ പ്രവാസി ഭാരതീയ ദിവസ് ഇതാദ്യമായി ഓൺലൈനിൽ കൂടിയാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വിദേശ ഇന്ത്യാക്കാർക്കാണ് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ അവാർഡ്.

യൂസഫലിയെ കൂടാതെ പ്രിൻസ്റ്റൺ സർവ്വകലാശാല (Princeton University) ഗണിതശാസ്ത്ര വിഭാഗം പ്രൊഫസർ മജ്ഞുലാൽ ഭാർഗവ, ഉഗാണ്ട കിബോക്കോ (Kiboko Group) ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ രമേഷ് ബാബു, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇന്ത്യൻ കൗൺസിൽ പരിഷത് (Indian Council for International Co-operation) സെക്രട്ടറി ശ്യാം പരൻഡേ, Intel India മേധാവി നിവൃതി റായി എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് അംഗങ്ങൾ.

ഉപരാഷ്ട്രപതി ചെയർമാനായ അവാർഡ് ജൂറിയിൽ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്ത അംഗങ്ങളെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും കമ്മിറ്റി അംഗങ്ങളായുണ്ട്. ഈ മാസം ഓൺലൈനിൽ ചേരുന്ന ജൂറിയുടെ ആദ്യയോഗത്തിൽ അവാർഡ് ജേതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമിടും.