വ്യവസായി എം എ യൂസഫലി അബുദാബി ചേംബറിന്റെ വൈസ് ചെയര്‍മാന്‍ ; ഗവണ്‍മെന്റിന്റെ സുപ്രധാന പദവിയിലേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍

Elvis Chummar
Sunday, July 25, 2021

അബുദാബി : ഗവര്‍മെന്റിന് കീഴിലുള്ള അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സെക്കന്റ് വൈസ് ചെയര്‍മാനായി മലയാളിയായ വ്യവസായി ഡോക്ടര്‍ എം എ യൂസഫലിയെ നിയമിച്ചു. യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമ്മാന്‍ഡര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, നേരിട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇത് ആദ്യമയാണ് ഒരു വിദേശിയായ പൗരന്‍, ഇത്തരത്തില്‍ സുപ്രധാന പദവിയില്‍ എത്തുന്നത്.

അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയ്ക്ക് പുതിയ ടീമിനെയും ഇതോടൊപ്പം പ്രഖ്യാപിച്ചു. അബ്ദുല്ല മുഹമ്മദ് അല്‍ മസ്‌റൂയി ആണ് പുതിയ ചെയര്‍മാന്‍. ഡോ. അലി ബിന്‍ ഹര്‍മല്‍ അല്‍ ദാഹെരി ആണ് ഫസ്റ്റ് വൈസ് ചെയര്‍മാന്‍. മസൂദ് റഹ്മ അല്‍ മസൂദിനെ ട്രഷറായും സഈദ് ഗുംറന്‍ അല്‍ റിമീതിയെ ഡപ്യൂട്ടി ട്രഷറായും നിയമിച്ചാണ് ഉത്തരവിറക്കിയത്. ഈ അഞ്ചു സുപ്രധാന പദവിയിലെ ഏക വിദേശിയായ വ്യക്തിത്വമാണ് എം എ യൂസഫലി. ഇതോടെ, യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള മികച്ച അംഗീകാരമായും ഇതിനെ വിലയിരുത്തുന്നു. നേരത്തെ, അബുദാബി ചേംബറിന്റെ ഡയക്ടര്‍ ബോര്‍ഡ് അംഗമായി യൂസഫലി പ്രവര്‍ത്തിച്ചിരുന്നു.