G Sudhakaran | ‘അടവു നയം ഫലിച്ചില്ല ‘ കുട്ടനാട്ടിലെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് വിട്ടുനിന്നു ജി. സുധാകരനെ ലക്ഷ്യമാക്കി എം.എ. ബേബിയുടെ ഒളിയമ്പ്

Jaihind News Bureau
Sunday, October 19, 2025

ആലപ്പുഴ: സിപിഎമ്മിന്റെ പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി തള്ളുന്ന നയം ജി സുധാകരന്‍ തുടരുകയാണ്. പാര്‍ട്ടി നേതാക്കളുമായുള്ള അസ്വാരസ്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. കുട്ടനാട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഒരു പരിപാടിയില്‍ നിന്ന് സുധാകരന്‍ വിട്ടുനിന്നത് ഈ അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി. പരിപാടി നടത്താന്‍ ആളുകളുണ്ടല്ലോ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പ്രായപരിധിയുടെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവായാലും സഖാക്കള്‍ പാര്‍ട്ടിയില്‍ സജീവമാകണമെന്ന്, ജി. സുധാകരനെ ലക്ഷ്യമിട്ട് എം.എ. ബേബി കുട്ടനാട്ടിലെ പരിപാടിയില്‍ നടത്തിയ പ്രസംഗം പാര്‍ട്ടി നേതാക്കള്‍ക്കുള്ള എതിര്‍പ്പിന്റെ സൂചനയാണ് കാട്ടുന്നത്.

കെ.എസ്.കെ.ടി.യുവിന്റെ മുഖമാസിക ‘കര്‍ഷക തൊഴിലാളി’യുടെ വി.എസ്. അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങിലേയക്കായിരുന്ന ജി സുധാകരനെ പാര്‍ട്ടി ക്ഷണിച്ചത്. വി.എസ്. അച്യുതാനന്ദന്റെ പേരിലുള്ള പ്രഥമ കേരളപുരസ്‌കാരം മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍ പിള്ളയ്ക്ക് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി സമര്‍പ്പിച്ചു. പരിപാടിയിലേക്ക് സുധാകരനെ ക്ഷണിക്കാന്‍ കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടറി ആര്‍. നാസറും നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് പങ്കെടുക്കാമെന്ന് സുധാകരന്‍ സമ്മതിച്ചിരുന്നെങ്കിലും, മറ്റു നേതാക്കളുടെ നിലവിലെ നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയായി. ക്ഷണം വെറും പ്രഹസനമായിരുന്നെന്നും, പരിപാടിയെക്കുറിച്ച് തനിക്ക് നോട്ടീസ് പോലും ലഭിച്ചില്ലെന്നുമാണ് സുധാകരനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രധാനമായി മന്ത്രി സജി ചെറിയാനുമായുളള സംഘര്‍ഷമാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇനിയും അദ്ദേഹം അനുനയത്തിന് വഴങ്ങിയിട്ടില്ല.

എം.എ. ബേബിയുടെ പരോക്ഷ വിമര്‍ശനം:

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്ത വേദിയില്‍ നിന്ന് സുധാകരന്‍ വിട്ടുനിന്നത് ആലപ്പുഴയിലെ സിപിഎം നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. പരിപാടിയില്‍ എം.എ. ബേബി നടത്തിയ പ്രസംഗം സുധാകരനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു. ‘പ്രായപരിധിയുടെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവായാലും സഖാക്കള്‍ പാര്‍ട്ടിയില്‍ സജീവമാകണം’ എന്ന ബേബിയുടെ പരാമര്‍ശം, സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നവര്‍ക്കുള്ള സന്ദേശമായി വ്യാഖ്യാനിക്കപ്പെട്ടു.

പാര്‍ട്ടി നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഫലം കാണാത്തത് സുധാകരന്റെ അമര്‍ഷം വര്‍ദ്ധിക്കുന്നതിനാലാണ്. എല്ലാ പരാതികളും പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും, പാര്‍ട്ടി പരിപാടികളില്‍ തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം. സജി ചെറിയാനെതിരെ നടപടി വേണമെന്ന സുധാകരന്റെ ആവശ്യം സിപിഎം സംസ്ഥാന നേതൃത്വം അവഗണിച്ചതും അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ജി. സുധാകരന്റെ ഈ നിലപാട് തുടരുന്നതിനിടെ ടി.ജെ. ചന്ദ്രചൂഡന്‍ അവാര്‍ഡിനായി ജി. സുധാകരനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 31-ന് തിരുവനന്തപുരത്ത് നടക്കുന്ന ഈ ചടങ്ങില്‍ പ്രതിപക്ഷ നേതാവടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ജി സുധാകരന്‍ പങ്കെടുക്കും. നേരത്തെ കെ.പി.സി.സി. സംസ്‌ക്കാര സാഹിതിയുടെ ഒരു പരിപാടിയിലും സുധാകരന്‍ പങ്കെടുത്തിരുന്നു. സിപിഎമ്മിനോട് പ്രത്യക്ഷത്തില്‍ കൂറ് പുലര്‍ത്തുമ്പോഴും നേതൃത്വത്തോടുള്ള സുധാകരന്റെ എതിര്‍പ്പ് യുഡിഎഫിന് പുതിയ രാഷ്ട്രീയ സാധ്യതകള്‍ നല്‍കുന്നുണ്ട്. അനുനയ നീക്കങ്ങള്‍ക്കിടയിലും സുധാകരന്‍ സ്വീകരിച്ച ഈ കടുത്ത നിലപാട് ആലപ്പുഴയിലെ സിപിഎം രാഷ്ട്രീയം കൂടുതല്‍ ചൂടുപിടിക്കാന്‍ ഇടയാക്കും.