‘മുഴങ്ങുന്നത് ഇടതുപക്ഷത്തിന്‍റെ അപായമണി; ജനസ്വാധീനം ഇടിഞ്ഞു, വാക്കും പ്രവൃത്തിയും തിരിച്ചടിയായി’: രൂക്ഷ വിമർശനവുമായി എം.എ. ബേബി

Jaihind Webdesk
Monday, July 8, 2024

 

തിരുവനന്തപുരം: ഇപ്പോൾ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്‍റെ അപായ മണിയെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സംഘടനാ വീഴ്ചയ്ക്കൊപ്പം വാക്കും പ്രവർത്തിയും തിരിച്ചടിക്ക് കാരണമായി. കടക്ക് പുറത്ത് പ്രയോഗം മാധ്യമങ്ങൾ പിണറായി ശൈലിയാക്കിയെന്നും മാധ്യമ വിലക്ക് തിരിച്ചടിയായെന്നും എം.എ. ബേബി പറഞ്ഞു. തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിൽ പച്ചക്കുതിര മാസികയിൽ എം.എ. ബേബി എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയേയും പാർട്ടി നേതൃത്വത്തെയും ലക്ഷ്യമിട്ട് തുറന്ന വിമർശനമുയർത്തിയിരിക്കുന്നത്.

പാർട്ടിക്കകത്തെ ദുഷ് പ്രവണതകൾ മതിയാക്കണമെന്നും എം.എ. ബേബി ലേഖനത്തിൽ തുറന്നടിച്ചു. സിപിഎം തിരഞ്ഞെടുപ്പിൽ നേരിട്ടത് അത്ര വലിയ തിരിച്ചടിയാണെന്നും പാർട്ടിയുടെ ബഹുജന സ്വാധീനം വൻതോതിൽ ഇടിഞ്ഞെന്നും പിഴുവുകൾക്ക് അടിയന്തര പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളെ പാർട്ടി അകറ്റി നിർത്തിയത് തിരിച്ചടിയായെന്നും മാധ്യമങ്ങളെ ഒറ്റപ്പെടുത്തുന്നതും അപഹസിക്കുന്നതും ശരിയല്ലന്നും സമൂഹമാധ്യമ ഇടപെടൽ ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നും എം.എ. ബേബി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബംഗാളിലെ സിപിഎം 15 വർഷം കൊണ്ട് ഈർക്കിൽ പാർട്ടിയായെന്ന് വിമർശനം തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിൽ പച്ചക്കുതിര മാസികയിൽ എഴുതിയ ലേഖനത്തിൽ അടിവരയിട്ട് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയേയും പാർട്ടി നേതൃത്വത്തെയും ലക്ഷ്യമിട്ട് തുറന്ന വിമർശനമുയർത്തി പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി എഴുതിയ ലേഖനം രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യുകയാണ്.