സീറോ മലബാര്‍ സഭയും സിപിഎമ്മും തമ്മില്‍ പുതിയ തര്‍ക്കം ഉടലെടുക്കുന്നു. ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്താനുള്ള സിപിഎമ്മിന്റെ നീക്കങ്ങളെ സഭ രൂക്ഷമായി വിമര്‍ശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്ന് സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി നഴ്‌സുമാരുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ പാംപ്ലാനിയുടെ നിലപാടാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം. ബിഷപ്പിന്റെ ഈ നിലപാടിനെതിരെ ഗോവിന്ദന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍, സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളില്‍ അധിഷ്ഠിതമാണെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക താല്‍പര്യമില്ല. ശരിയെ ശരിയായും തെറ്റിനെ തെറ്റായും കാണുന്നതാണ് തങ്ങളുടെ രീതിയെന്ന് സഭ വിശദീകരിച്ചു. ഛത്തീസ്ഗഡ് വിഷയത്തില്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വീകരിച്ച നിലപാട് സഭയുടെ പൊതു നിലപാടാണ്. തങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തങ്ങളുടെ നിലപാടുകളില്‍ ഇടപെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശമില്ലെന്നും സഭ കൂട്ടിച്ചേര്‍ത്തു. അതേസമയം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ ബഹുമാനിക്കുന്നുണ്ടെന്നും സഭ പറഞ്ഞു. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ പാര്‍ട്ടികളും സഭയോട് കാണിക്കണമെന്ന് ആവശ്യപ്പെട്ട സഭ, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ കടന്നാക്രമിക്കുന്ന നിലപാടുകളില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെടുന്നു.