എം. ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ ആറാം മണിക്കൂറിലേക്ക് ; എന്‍.ഐ.എ ചോദ്യംചെയ്യുന്നത് മൂന്നാംതവണ

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യംചെയ്യുന്നത് ആറാംമണിക്കൂറിലേക്ക് കടക്കുന്നു. ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്വപ്നക്കൊപ്പമാണ് ശിവശങ്കറിനെയും ചോദ്യം ചെയ്യുന്നത്.

രാവിലെ 11 മണിയോടെയാണ് എം ശിവശങ്കർ എന്‍.ഐ.എ  ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. ഹാജരാകാൻ ആവശ്യപ്പെട്ട് എന്‍.ഐ.എ ശിവശങ്കറിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. യുഎപിഎ കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ ഒപ്പമിരുത്തിയാണ് എം. ശിവശങ്കറിനെയും ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച്ച മുതൽ
എന്‍ഐഎയുടെ കസ്റ്റഡിയിലാണ് സ്വപ്ന. ഇതിനിടെ സ്വപ്നയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. സ്വപ്ന, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നും നീക്കംചെയ്ത  സന്ദേശങ്ങൾ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു.

സ്വപ്നയുമൊരുമിച്ച് നടത്തിയ വിദേശയാത്രകൾ, സ്പേസ് പാർക്കിലെ ജോലി  തുടങ്ങിയവയിൽ ശിവശങ്കറിനെതിരെ എന്‍.ഐ.എ യുടെ പക്കൽ തെളിവുകളുണ്ട്. ലോക്കറിൽ നിന്നും സ്വർണ്ണവും – പണവും എടുത്തത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണെന്ന മൊഴിയും എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി എത്തിയ 30 കിലോ ഗ്രാം സ്വർണ്ണം വിട്ടു നൽകുന്നതിന് ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിന്‍റെ സുപ്രധാന തെളിവും എന്‍.ഐ.എക്ക് ലഭിച്ചുവെന്നാണ് സൂചന.

എന്നാൽ സ്വപ്നയുടെ ദുരൂഹ ഇടപാടുകൾ സംബന്ധിച്ച് ശിവശങ്കറിന് നേരത്തെ തന്നെ അറിയാമായിരുന്നോ എന്നതിൽ എന്‍.ഐ.എ ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് കൂടിയാണ് എന്‍.ഐ.എ മൂന്നാം തവണയും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം.

Comments (0)
Add Comment