
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതുമുന്നണിയില്‍, പ്രത്യേകിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ നടന്ന തര്‍ക്കങ്ങളും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വല്യേട്ടന്റെ മുഷ്‌ക്കിനു മുന്നില്‍ ചെറുകക്ഷികള്‍ ഒതുങ്ങുന്ന കാഴ്ചയാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ പതിവിനു വിപരീതമായി വല്യേട്ടന്‍ മുട്ടുമടക്കിയെന്ന രീതിയിലാണ് ആദ്യ വിലയിരുത്തലുകള്‍ ഉണ്ടായിരിക്കുന്നത് . എന്നാല്‍ പിണറായി വിജയനേയോ സിപിഎമ്മിനോയോ അറിയാവുന്നവര്‍ ഇതൊരു അടവുനയമായി മാത്രമേ കാണുകയുള്ളൂ. . ഈ വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടുകള്‍ അതിന്റെ പൂര്‍ത്തീകരണത്തില്‍ എത്തിച്ചേരുന്നത് അടുത്തു തന്നെ കാണാനാവും.
കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടുന്നതിനെതിരെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും, സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ചു. പദ്ധതിയില്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവന്നതോടെ സിപിഐ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് അവര്‍ ആരോപിച്ചു. മുന്നണിക്കുള്ളിലെ തര്‍ക്കം രൂക്ഷമായതോടെ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സിപിഎം തയ്യാറായില്ല. പതിവില്‍ നിന്നു വിരുദ്ധമായി സിപിഐ ശക്തമായ എതിര്‍പ്പു തുടര്‍ന്നു .ഒടുവില്‍, സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെ പിഎം ശ്രീ പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ കേന്ദ്രത്തെ സമീപിക്കാനാണ് സിപിഎം തീരുമാനം
സിപിഐയുടെ പ്രധാന പരാതി പിഎം ശ്രീ നടപ്പാക്കിയ രീതിയോടായിരുന്നു. ഘടകകക്ഷി എന്ന പരിഗണന പരസ്യമായി ലംഘിക്കപ്പെട്ടത് അവരുടെ ഈഗോയെ മുറിവേല്‍പ്പിച്ചു. ആശയസംഘര്‍ഷമൊക്കെ പിന്നീടുള്ള കാര്യമായേ വരുന്നുള്ളൂ. എന്നാല്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് പിണറായി വിജയന്റെ ഈഗോ മുറിവേറ്റ നിലയിലാണ്. ഇതിനുള്ള മറുപടി ഉടന്‍ ഉണ്ടാകും. സിപിഐ ആ അടവുകള്‍ക്ക് എന്തായിരിക്കും മറുപടി പറയേണ്ടിവരുക എന്നത് രാഷ്ട്രീയകേരളം ഉറ്റു നോക്കുന്ന സംഗതിയാണ്.
ഏതായാലും കരാര്‍ ഒപ്പിട്ടുകഴിഞ്ഞു ഇനി ഇളവിനായി കേന്ദ്രത്തിനു മുന്നിലെത്തുമെന്നൊക്കെ പറയുന്നു. എന്നാല്‍ അതൊക്കെ എത്രമാത്രം നടപ്പാകുമെന്ന് കണ്ടറിയാം. ഇനി നടക്കുന്നത് ഇതായിരിക്കും. ഈ ബഹളമൊക്കെ ഒന്നടങ്ങുമ്പോല്‍ മുന്നണിയില്‍ തന്നെ ഈ ആവശ്യം മുഖ്യമന്ത്രി ഉന്നയിക്കും. അ്ങ്ങനെ ഔപചാരികമായ വഴിയില്‍ തന്നെ അനുമതി നേടിയെടുക്കാന്‍ സിപിഎം ശ്രമിക്കും. സമീപ ഭാവിയില്‍ തന്നെ സിപിഎമ്മിന്റെ കാര്‍മ്മികത്വത്തില്‍ പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കും