മുന്‍ എക്‌സൈസ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍. രഘുചന്ദ്രബാല്‍ അന്തരിച്ചു

Jaihind News Bureau
Saturday, November 8, 2025

 

മുന്‍ എക്‌സൈസ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍. രഘുചന്ദ്രബാല്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1991-ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പൊതുരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളായിരുന്നു രഘുചന്ദ്രബാലിന്റേത്. എക്‌സൈസ് മന്ത്രിയായിരുന്ന കാലത്ത് ഗാര്‍ഡുകളുടെ കാക്കി യൂണിഫോം ധരിച്ച് കള്ളവാറ്റുകാരെ തേടി കാടുകയറി നടത്തിയ പരിശോധനകള്‍ അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 1980-ല്‍ കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ചും 1991-ല്‍ പാറശ്ശാല മണ്ഡലത്തെ പ്രതിനിധീകരിച്ചും അദ്ദേഹം കേരള നിയമസഭയില്‍ എത്തി. ഇതിനു പുറമെ, കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിന് പുറമെ കലാമേഖലയിലും രഘുചന്ദ്രബാല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ഗാനങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ സി.എം. ഓമന. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ആര്‍. പ്രപഞ്ച്, ആര്‍. വിവേക് എന്നിവരാണ് മക്കള്‍.