കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസിന്റെ ബോധപൂര്‍വ്വമായ ആസൂത്രിത ആക്രമണമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വേദിയിലേക്ക് ഗ്രനേഡും ടിയര്‍ ഗ്യാസ് സെല്ലും പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പോലീസാണ്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രസംഗിച്ച് കൊണ്ടിരുന്ന നേതാക്കള്‍ക്ക് നേരെ ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിക്കുന്നത് ചരിത്രത്തിലാദ്യമാണ്. തനിക്കും കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ശ്വാസതടസ്സമുണ്ടായി. ഈ ജനാധിപത്യവിരുദ്ധ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തുടരാന്‍ അവകാശമില്ല. ശക്തമായ പ്രതിഷേധങ്ങള്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.