ബിജെപി സര്‍ക്കാര്‍ കൊറോണ വൈറസിനേക്കാള്‍ അപകടകാരി; വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

Jaihind Webdesk
Friday, January 26, 2024


ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിജെപി സര്‍ക്കാര്‍ കൊറോണ വൈറസിനേക്കാള്‍ അപകടകാരിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോള്‍ രാമക്ഷേത്ര പ്രതിഷ്ഠ നടത്തി ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് വോട്ട് ചെയ്യുന്ന ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തെറ്റാണെന്നുമാണ് എം കെ സ്റ്റാലിന്‍ ബിജെപിക്കെതിരെ ആരോപിച്ചിരിക്കുന്നത്. കൊറോണ എന്ന മഹാമാരിയുടെ കാലത്ത് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അവരുടെ ജന്മസ്ഥലത്തേക്ക് പോകാന്‍ ഗതാഗത സൗകര്യങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വിജയിക്കുകയില്ലെന്നും സ്റ്റാലിന്‍ ഉറപ്പിച്ചു പറഞ്ഞു. ബിജെപി അവരുടെ മുഖം രക്ഷിക്കുന്നതിന് വേണ്ടി മതത്തില്‍ അഭയം തേടുകയാണ്. ഇന്ത്യയെ രക്ഷിക്കുന്നതിന് വേണ്ടി ഞങ്ങള്‍ അവരുടെ പരാജയങ്ങളും തമിഴ് വിരുദ്ധ നയങ്ങളും തുറന്നുകാട്ടുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ ബ്ലോക്കിന്റെ വിജയം മാത്രം ‘ഇന്ത്യയുടെ ഭാവി ഉറപ്പാക്കും’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദ്ദേഹം, സംഘത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഫെഡറല്‍ സ്വഭാവമുള്ളതായിരിക്കുമെന്നും പറഞ്ഞു.