എം.ജി. കണ്ണന്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Jaihind News Bureau
Sunday, May 11, 2025

 

പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് മാത്തൂര്‍ മേലേടത്ത് എം.ജി. കണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഇന്നലെ വൈകുന്നേരം ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ അന്ത്യം സംഭവിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണന്‍ പൊതുരംഗത്തെത്തിയത്.

2005 ല്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. ആദ്യം ഇലന്തൂരില്‍ നിന്നും പിന്നീട് റാന്നി അങ്ങാടിയില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കണ്ണന്‍ നേടിയത് മികച്ച വിജയമാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം ഇടക്കാലത്ത് ആക്ടിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലെ സ്ഥാനാര്‍ത്ഥിയുമായിരുന്നു.

2011-13 ല്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സജിതാമോള്‍ ആണ് ഭാര്യ. മക്കള്‍ ശിവ കിരണ്‍, ശിവ ഹര്‍ഷന്‍.