M B Rajesh | എം.ബി. രാജേഷിന്റെ ഉത്തരവുകള്‍ മൈന്‍ഡു ചെയ്യാതെ ഇടതുസംഘടനകള്‍ ; വേദിയില്‍വിതരണം ചെയ്തത് പ്‌ളാസ്റ്റിക് ബൊക്കെയും വെള്ളക്കുപ്പിയും; അപമാനിതനായെന്ന് മന്ത്രി

Jaihind News Bureau
Saturday, September 27, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനവും ഹരിത പ്രോട്ടോക്കോളും കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കെ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിനെ പരസ്യമായി ധിക്കരിച്ച് സര്‍ക്കാര്‍ വകുപ്പുകളും ഇടതു പക്ഷസംഘടനകളും. പൊതുപരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചതിന് മന്ത്രി നേരിട്ടും പരസ്യമായും വിമര്‍ശനം ഉന്നയിച്ച നിരവധി സംഭവങ്ങളാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിരോധനം നടപ്പാക്കേണ്ട വകുപ്പിന്റെ മന്ത്രി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നുവെങ്കിലും സംഘടനയിലെ സഖാക്കള്‍ അതൊന്നും മൈന്‍ഡു ചെയ്യുന്നില്ല എന്നുവേണം വിലയിരുത്താന്‍.

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ)ന്റെ സംസ്ഥാന സമ്മേളനമാണ് ഈ പരമ്പരയിലെ ഏറ്റവും ലേറ്റസ്റ്റ്്. കൊല്ലത്തു സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തില്‍ അതിഥികളെ സ്വീകരിക്കാനും വേദിയിലും സദസ്സിലും കുടിവെള്ളത്തിനും പ്ലാസ്റ്റിക് ഉപയോഗിച്ചത് മന്ത്രിയെ രോഷാകുലനാക്കി. ‘സന്തോഷത്തോടെയാണ് പരിപാടിക്കു വന്നതെങ്കിലും അപമാനിതനായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്,’ എന്ന് അദ്ദേഹം തുറന്നടിച്ചു.

മാലിന്യ നിരോധനം നടപ്പാക്കേണ്ട താന്‍ ഉള്‍പ്പെടുന്ന വകുപ്പിന്റെ അധ്വാനത്തിന് പുല്ലുവിലയാണ് സംഘാടകര്‍ കല്‍പ്പിക്കുന്നത് എന്ന സന്ദേശമല്ലേ ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി ചോദ്യം ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്തതിന് 8 കോടി രൂപയുടെ പിഴ ചുമത്തിയ കാര്യവും മന്ത്രി ഓര്‍മ്മിപ്പിച്ചു. മന്ത്രിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് കുപ്പികള്‍ മുഴുവന്‍ വേദിയില്‍ നിന്ന് സംഘാടകര്‍ നീക്കം ചെയ്തു.

പാലക്കാട് കുത്തനൂര്‍ പഞ്ചായത്ത്: ബൊക്കെ വിവാദം, പരസ്യ വിമര്‍ശനം

പാലക്കാട് കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിന് എത്തിയ മന്ത്രി എം.ബി. രാജേഷിനെ സ്വീകരിക്കാന്‍ നിരോധിച്ച പ്ലാസ്റ്റിക് ആവരണമുള്ള ബൊക്കെ നല്‍കാന്‍ ശ്രമിച്ചതും വലിയ വാര്‍ത്തയായി. വേദിയില്‍ വെച്ച് തന്നെ മന്ത്രി ഇത് പരസ്യമായി വിമര്‍ശിച്ചു. ‘ഹരിത പെരുമാറ്റച്ചട്ടം പാലിക്കേണ്ട തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരിപാടിയില്‍ ഇത്തരം സംഭവം ഉചിതമല്ലെന്നും 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിതെന്നും മന്ത്രി പറഞ്ഞു. ഈ നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്, ആ വകുപ്പിന്റെ മന്ത്രിക്കാണ് ബൊക്കേ കൊണ്ടു തന്നത്. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളൊന്നും ചില ആളുകള്‍ ശ്രദ്ധിക്കുന്നില്ല,’ മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവുകള്‍ വായിച്ചുനോക്കണമെന്നും അതിഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി സ്വീകരിക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഈ സംഭവത്തില്‍, പ്ലാസ്റ്റിക് ബൊക്കെ നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് കുത്തനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവന്‍ സമ്മതിച്ചു. പിഴയടയ്ക്കാന്‍ തയ്യാറാണെന്നും, എന്നാല്‍ മന്ത്രി പരസ്യമായി വിമര്‍ശിച്ചത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു. ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ഗവ. വിക്ടോറിയാ കോളേജിലുള്‍പ്പെടെയുള്ള പരിപാടികളിലും സമാനമായ രീതിയില്‍ പ്ലാസ്റ്റിക് ആവരണമുള്ള ബൊക്കകള്‍ നല്‍കിയപ്പോള്‍ മന്ത്രി രാജേഷിന് അതു നിരസിക്കേണ്ടി വന്നിട്ടുണ്ട്.

സര്‍ക്കാര്‍ നയവും മന്ത്രിയുടെ നിലപാടും
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയായി മാറുന്ന സാഹചര്യത്തില്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ, വകുപ്പ് മന്ത്രി എന്ന നിലയില്‍ എം.ബി. രാജേഷിനു പോലും ഭരണപക്ഷ സംഘടനകളും മറ്റും നല്‍കുന്ന സ്വീകരണം ഇതാണ്. ഭാവി തലമുറയ്ക്കു പോലും കരുതല്‍ നല്‍കേണ്ട ഈ നിലപാടുളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ അവധാനതയില്ലായ്മയും ശ്രദ്ധിക്കപ്പെടേണ്ടതാണ്… തിരുത്തപ്പെടേണ്ടതാണ്. നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം മന്ത്രി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇത് പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ ഫലപ്രദമാക്കാന്‍ സഹായിക്കും