മതസാമൂഹിക സംഘടനകളെ എം.എ.ബേബി വെല്ലുവിളിക്കുന്നു: കെ സുധാകരന്‍ എം.പി

Jaihind News Bureau
Monday, April 7, 2025

മതങ്ങള്‍ ആത്മീയകാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും ഭൗതിക കാര്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നോക്കുമെന്നുമുള്ള സിപിഎം ദേശീയ സെക്രട്ടറി എംഎ ബേബിയുടെ നിലപാട് രാജ്യത്ത് ആത്മീയകാര്യങ്ങള്‍ക്കൊപ്പം ഒരുപാട് ഭൗതിക സാഹചര്യങ്ങളും ഒരുക്കിയ മതസാമൂഹിക സംഘടനകളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നിലവാരമുള്ള പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവ ഇവരുടെ സംഭാവനകളാണ്. സിപിഎം നേതാക്കളും അവരുടെ മക്കളുമൊക്കെ അതിന്റെ ഗുണഭോക്താക്കളാണ്. രൂപത എന്നാല്‍ രൂപാതാ എന്നാക്കുകയും മതമില്ലാത്ത ജീവന്‍ പാഠപുസ്തകമാക്കുകയും ചെയ്ത പഴയ വിദ്യാഭ്യാസ മന്ത്രിയുടെ നിലവാരത്തില്‍ തന്നെയാണ് പുതിയ ദേശീയ ജനറല്‍ സെക്രട്ടറി.

ആശാ വര്‍ക്കര്‍മാരുടെ സമരം വിമോചന സമരത്തിനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്ന എംഎം ബേബിയുടെ നിലപാട് തികച്ചും നിര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിപ്പിച്ചതെല്ലാം ഏറ്റുപാടുന്ന തൊമ്മിയാണ് താനെന്ന് അദ്ദേഹം തെളിയിക്കുന്നു. ആശാമാരുടെ സമരം തീര്‍ക്കണമെന്നു പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടും അതു പുറംകാല്‍ കൊണ്ട് തട്ടിയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.

സമരനാടകം, മാവോയിസം, മഴവില്‍ സഖ്യം, പാട്ടപ്പിരിവ് സംഘം, പെമ്പിളൈ ഒരുമൈ സമരം, കൂലിക്കെടുത്തു കൊണ്ടുവന്നവര്‍, സാംക്രമികരോഗം പടര്‍ത്തുന്ന കീടം തുടങ്ങിയ പദാവലികള്‍ ഉപയോഗിച്ചാണ് സിപിഎം നേതാക്കള്‍ ആശാസമരത്തെ ആക്രമിച്ചത്. എന്നാല്‍ അവരെയെല്ലാം കടത്തിവെട്ടി എംഎ ബേബി ആശാമാരുടെ സമരത്തെ വിമോചനസമരമാക്കി മാറ്റി. അദ്ദേഹം പുതുതായി ചുമതലയേറ്റപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. തൊഴിലാളി വര്‍ഗത്തിന്റെ വേദനകള്‍ മനസിലാക്കുന്ന പുതിയ നേതൃത്വം സിപിഎമ്മിനു ലഭിച്ചെന്നാണ് കരുതിയത്.

മുഖ്യമന്ത്രിയുടെ മാസപ്പടി കേസിനെ മരുമകനെക്കാള്‍ ശക്തമായി ബേബി ന്യായീകരിക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും തുടക്കത്തില്‍ തന്നെ അസ്തമിച്ചു. അതീവ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എസ്എഫ്ഐഒ പോലുള്ള അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനം കുറ്റപത്രം നല്കിയ കേസ് കെട്ടിച്ചമച്ചതാണെന്നുവരെ അദ്ദേഹം പറഞ്ഞു. സിപിഎം ഡല്‍ഹി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസിലെ വൈദ്യുതി ചാര്‍ജ് വരെ അടയ്ക്കുന്ന പിണറായിക്കെതിരേ പറഞ്ഞില്ലെങ്കിലും സ്തുതിപാഠകനായി മാറരുതെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. പുതിയ പദവിയില്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും കെ സുധാകരന്‍ അറിയിച്ചു.