പരിഭ്രാന്തി വേണ്ട ! അവശ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ്; യു.എ.ഇയില്‍ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ അര്‍ധരാത്രി 12 വരെ

 

ദുബായ് : കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്-സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ ലുലു പ്രവര്‍ത്തന സമയത്തില്‍ യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ലെന്ന് അറിയിച്ചു. ഇതനുസരിച്ച് ലുലു ഗ്രൂപ്പിന്‍റെ പ്രവര്‍ത്തന സമയം യു.എ.ഇയില്‍ എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി 12 വരെയായിരിക്കുമെന്ന് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ (സി.സി.ഒ) വി നന്ദകുമാര്‍ അറിയിച്ചു.

യു.എ.ഇയിലെ എല്ലാ ശാഖകളും ദിവസവും രാവിലെ 8 മുതല്‍ അര്‍ധരാത്രി 12 വരെ പതിവുപോലെ പ്രവര്‍ത്തിക്കും. അധികൃതരുടെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ഇതുവരെ സമയക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം വിവിധ രാജ്യങ്ങളിലെ വിതരണക്കാരുമായും ഗവണ്‍മെന്‍റ് അതോറിറ്റികളുമായും ലുലു ഗ്രൂപ്പ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് വരുകയാണ്. എല്ലാതരം  ഉല്‍പന്നങ്ങളുടെയും, പ്രത്യേകിച്ച് അവശ്യവസ്തുക്കള്‍ തടസമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവരുമായും ലോജിസ്റ്റിക് പങ്കാളികളുമായും തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും വി നന്ദകുമാര്‍ പറഞ്ഞു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വെയര്‍ഹൗസുകളിലും അവശ്യവസ്തുക്കള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉത്കണ്ഠയോ പരിഭ്രാന്തിയോ ആവശ്യമില്ലെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.

Comments (0)
Add Comment