ലുലു ഗ്രൂപ്പ് ഈജിപ്തില്‍ വന്‍ വാണിജ്യ ശ്യംഖലകള്‍ തുടങ്ങുന്നു : വീണ്ടും നിക്ഷേപത്തിന് എ ഡി ക്യു ; ഇത്തവണ 7,500 കോടി രൂപയുടെ നിക്ഷേപം ; മലയാളികള്‍ ഉള്‍പ്പെടെ 12,000 പേര്‍ക്ക് ഈജിപ്തില്‍ തൊഴില്‍ അവസരം

അബുദാബി : ഗവര്‍മെന്‍റ് ഉടമസ്ഥതയിലുള്ള എ ഡി ക്യു കമ്പനി, ലുലു ഗ്രൂപ്പില്‍ വീണ്ടും നിക്ഷേപം നടത്തുന്നു. ലുലു ഗ്രൂപ്പ് ഈജിപ്തില്‍  പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണിത്. 7,500 കോടി രൂപയുടെ നിക്ഷേപമാണ് രണ്ടാംഘട്ടത്തില്‍ അബുദാബി കമ്പനി നടത്തുന്നത്.

ലുലു ഗ്രൂപ്പ് ഈജിപ്ത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുകയാണ്. ഇതിനായി, 7,500 കോടി രൂപ ( 100 കോടി ഡോളര്‍ ) അബുദാബി ഗവര്‍മെന്‍റ് ഉടമസ്ഥതയിലുള്ള , എ ഡി ക്യു കമ്പനി, ലുലു ഗ്രൂപ്പില്‍ നിക്ഷേപിക്കുക. അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് താനുണ്‍ ബിന്‍ സായിദ്  അല്‍ നഹ്യാന്‍ ചെയര്‍മാനായ കമ്പനിയാണിത്.  ഇതു സംബന്ധിച്ച കരാറില്‍, അബുദാബി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും കരാര്‍ ഒപ്പ് വെച്ചു. അബുദാബി രാജകുടുംബവും ഗവര്‍മെന്റും ലുലു ഗ്രൂപ്പില്‍ അര്‍പ്പിച്ച വിശ്വാസത്തിലും സന്തോഷത്തിലും വലിയ നന്ദിയുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു.  

ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, 100 മിനി മാര്‍ക്കറ്റുകള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്‌സ് സെന്റര്‍, ഇ-കോമേഴ്‌സ് വിപുലീകരണം എന്നിവയ്ക്കു വേണ്ടിയാണ്  ഈ പുതിയ നിക്ഷേപം. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന , ഈ പുതിയ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ മലയാളികളുള്‍പ്പെടെ  12,000 പേര്‍ക്ക്  ഈജിപ്തില്‍ തൊഴില്‍ ലഭ്യമാകും. ഇത് രണ്ടാമത്തെ  തവണയാണ് എം എ യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പില്‍,  അബുദബി എ ഡി ക്യൂ വീണ്ടും മൂലധന നിക്ഷേപം നടത്തുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപയുടെ മറ്റൊരു നിക്ഷേപം കൂടി നടത്തിയിരുന്നു. ഇന്ത്യയും ഖത്തറും  ഒഴികെയുള്ള മറ്റു രാജ്യങ്ങളിലെ, വികസനം ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതോടെ, ലുലു ഗ്രൂപ്പ് ലോക ബ്രാന്‍ഡ് എന്ന നിലയിലേക്ക് കൂടി വളരുകയാണ്.

Comments (0)
Add Comment