ലുധിയാന സ്ഫോടനത്തിന് പിന്നില്‍ ലഹരി മാഫിയ; ഖലിസ്ഥാന്‍ സംഘടനകള്‍ സഹായം നല്‍കിയെന്ന് പൊലീസ്

Jaihind Webdesk
Saturday, December 25, 2021

ന്യൂഡല്‍ഹി: ലുധിയാന സ്ഫോടനത്തിന്  പിന്നിൽ ലഹരി മാഫിയയെന്ന് പഞ്ചാബ് ഡിജിപി. ലഹരിക്കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കാൻ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻ ദീപ് നടത്തിയതാണ് സ്ഫോടനമെന്നാണ് പൊലീസ് കണ്ടെത്തൽ. സ്ഫോടനത്തിനായി ഖലിസ്ഥാൻ സംഘടനകളുടെ സഹായം കിട്ടിയെന്നും പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ വ്യക്തമാക്കി. അതേസമയം സ്ഫോടനത്തിന് ഉപയോഗിച്ചത് ആർഡിഎക്സ് ആണെന്ന പ്രാഥമിക റിപ്പോർട്ടും പുറത്തു വന്നു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് മുൻപൊലീസുകാരൻ ഗഗൻദീപ് സിങ്ങാണെന്നും ലഹരിമാഫിയ ആസൂത്രണം ചെയ്താണ് സ്ഫോടനമെന്നുമാണ് പഞ്ചാബ് പൊലീസ് ഇന്ന് സ്ഥീരീകരിച്ചത്. ഇയാൾക്കെതിരായ ലഹരിക്കേസിലെ കോടതി രേഖകൾ നശിപ്പിക്കാൻ ആസൂത്രണം ചെയ്താണ് സ്ഫോടനം. ഈ മാസം 24ന് കേസിൽ ഇയാൾ ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഫോടനം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തിന് ഖാലിസ്ഥാൻ സംഘടനകളുടെ സഹായം കിട്ടിയെന്നാണ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ അറിയിച്ചത്.