
ലഖ്നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം കനത്ത മൂടല്‍മഞ്ഞ് കാരണം ഉപേക്ഷിച്ചു. ബുധനാഴ്ച ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ ഒരൊറ്റ പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുന്‍തൂക്കം നിലനിര്‍ത്തി.
വൈകുന്നേരം 6:30-ന് നടക്കേണ്ടിയിരുന്ന ടോസ് മൂടല്‍മഞ്ഞ് കാരണം വൈകുകയായിരുന്നു. കാലാവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ രാത്രി 9:25 വരെ ആറ് തവണയാണ് അമ്പയര്‍മാര്‍ പിച്ച് പരിശോധന നടത്തിയത്. നാലാം പരിശോധനയ്ക്കിടെ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നേരിട്ട് പിച്ചിലെത്തി അമ്പയര്‍മാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കാഴ്ചപരിധി തീരെ കുറവാണെന്ന് കണ്ടതോടെ രാത്രി ഒമ്പതരയോടെ മത്സരം ഉപേക്ഷിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരികയായിരുന്നു.
അതേസമയം വൈസ് ക്യാപ്റ്റന്‍ ശൂഭ്മന്‍ ഗില്ലിന്റെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കാല്‍പാദത്തിനേറ്റ പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി. ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ അടുത്ത മത്സരത്തില്‍ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. പരമ്പരയിലെ നിര്‍ണ്ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരം വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കും.