ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേന മേധാവി

Jaihind News Bureau
Tuesday, December 17, 2019

കരസേനയുടെ ഇരുപത്തിയെട്ടാമത്തെ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കും. നിലവിലെ മേധാവി ബിപിൻ റാവത്ത് ഈ മാസം കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നരവാനെ പുതിയ മേധാവിയാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ കരസേനാ ഉപമേധാവിയായി ചുമതലയേൽക്കുംവരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റർ അതിർത്തി സംരക്ഷിക്കുന്ന ഈസ്റ്റേൺ കമാൻഡിനെ നയിച്ചുവന്നത് ഇദ്ദേഹമാണ്.

സിഖ് ലൈറ്റ് ഇൻഫ്രൻട്രിയിൽ നിന്നുള്ള സൈനികനാണ് ലഫ്റ്റനന്‍റ് ജനറൽ നരവാനെ. രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിന്‍റെയും ആസാം റൈഫിൾസിന്‍റെയും മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഭീകര വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള നരവാനെ ശ്രീലങ്കയിലെ ഇന്ത്യൻ ദൗത്യത്തിന്‍റെ ഭാഗമായും മ്യാൻമറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും പ്രവർത്തിച്ചിട്ടുണ്ട്. 2022 ഏപ്രിൽ വരെയായിരിക്കും നരവാനെയുടെ കാലാവധി.