‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ’ ; മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ ; പരിഹാസം

 

ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതകവില കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി വിമര്‍ശനം. നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അതും അവര്‍ തട്ടിപ്പറിച്ചെടുക്കുകയാണ് എന്നായിരുന്നു ട്വീറ്റ്. മോദി അധികാരത്തിലേറുന്നതിന് മുമ്പ് 2013 നവംബര്‍ 23നായിരുന്നു ട്വീറ്റ്. പ്രസംഗത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മോദി ഭരണത്തിലേറിയശേഷം നിരവധി തവണയാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. മൂന്നുമാസത്തിനിടെ 225 രൂപയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്.

ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 100 രൂപയും ആണ് വർധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,618 രൂപയുമായി ഉയർന്നു.30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച 25 രൂപയും തൊട്ടു മുന്നിലത്തെ ആഴ്ച 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 226 രൂപയാണ് വില വര്‍ധിച്ചത്.

Comments (0)
Add Comment