
ഇസ്രായേല്‍ – ഇറാന് സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ അസ്ഥിരത രാജ്യത്തെ സാധാരണക്കാരുടെ അടുക്കള ബജറ്റ് താളംതെറ്റിക്കുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 863 രൂപയില്‍ നിന്ന് 920 രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് പുറമെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. 115 രൂപയുടെ വര്‍ധനവാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് രേഖപ്പെടുത്തിയത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയില്‍ വിപണിയെയും അനുബന്ധ ഉല്‍പ്പന്നങ്ങളെയും ബാധിച്ചതാണ് പെട്ടെന്നുള്ള ഈ വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊച്ചിക്ക് പുറമെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ രീതിയില്‍ വില ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍ 853 രൂപയായിരുന്ന സിലിണ്ടറിന് ഇനി 913 രൂപ നല്‍കണം. മുംബൈയില്‍ 912.50 രൂപയും ചെന്നൈയില്‍ 928.50 രൂപയുമാണ് പുതിയ നിരക്ക്. കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 879 രൂപയില്‍ നിന്ന് 939 രൂപയായാണ് വര്‍ധിച്ചത്.
ഈ വര്‍ഷം തുടര്‍ച്ചയായ നാലാം മാസമാണ് പാചകവാതക വിലയില്‍ മാറ്റമുണ്ടാകുന്നത്. ജനുവരി ഒന്നിന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെ ഫെബ്രുവരിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപ കൂട്ടിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനും 28 രൂപ മുതല്‍ 31 രൂപ വരെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം തുക വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണ നിരക്കുകള്‍ ഉയരാനും ഇടയാക്കിയേക്കും.