ഏറ്റവും കുറവ് സ്കോർ പ്രിയാ വർഗീസിന്: നിയമനത്തില്‍ അടിമുടി ക്രമക്കേട്; രേഖകള്‍ പുറത്ത്

Jaihind Webdesk
Saturday, August 13, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ഏറ്റവും കുറവ് റിസര്‍ച്ച് സ്കോർ ലഭിച്ചത് പ്രിയാ വര്‍ഗീസിനാണ്. ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയാ വാർഗീസിനാണ്. ഇതെല്ലാം മറികടന്നാണ് ഇന്‍റർവ്യൂവില്‍ കൂടുതല്‍ മാർക്ക് നല്‍കി പ്രിയാ വർഗീസിനെ നിയമിച്ചതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതിന്‍റെ രേഖകളെല്ലാം  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ ഗവർണർക്ക് കൈമാറി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ക്രമക്കേട് വ്യക്തമാക്കുന്നത്. ഇന്‍റർവ്യൂവിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയാ വർഗീസിനാണ്. ഇതോടൊപ്പം ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയയ്ക്കാണ്. 651 പോയിന്‍റോടെ ജോസഫ് സ്‌കറിയ എന്നയാളാണ് റിസർച്ച് പോയിന്‍റില്‍ മുന്നിലെത്തിയത്.  പ്രിയയ്ക്ക് 156 പോയിന്‍റ് മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ ജൂൺ 27നാണ് കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആക്ഷേപമുയർന്നു.  ഗവേഷണ ബിരുദവും എട്ട് വർഷം അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂർ സർവകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വിസിയോട് വിശദീകരണം തേടിയിരുന്നു.