ന്യൂനമർദ്ദം ദുർബലമായി, തീവ്ര മഴയ്ക്ക് ശമനമുണ്ടാകും; ജാഗ്രത തുടരണമെന്നും മുന്നറിയിപ്പ്

Jaihind Webdesk
Sunday, October 17, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ന്യൂനമർദത്തെ തുടർന്നുണ്ടായ തീവ്ര മഴയ്ക്ക് ശമനമുണ്ടായേക്കും. ന്യൂനമർദ്ദം ദുർബലമായതോടെ മഴയുടെ ശക്തി കുറയും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ത്ത് സാധ്യതതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം രണ്ടുദിവസമായി പെയ്ത അതിശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായത്. ആളപായവും സംഭവിച്ചിട്ടുണ്ട്.

ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞെങ്കിലും വടക്കൻ കേരളത്തിൽ ഉച്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം ദുർബലമായതോടെ അറബിക്കടലിൽ കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. കൂടുതൽ മഴമേഘങ്ങൾ കരയിലേക്ക് എത്താൻ സാധ്യതയില്ലെങ്കിലും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ശക്തമായ മഴ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മറ്റ സ്ഥലങ്ങളില്‍ വെള്ളക്കെട്ടിനും ഇടയാക്കി. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്‍റെ പല മേഖലകളിലും കനത്ത മഴ തുടരുന്നുണ്ട്.

ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേരെയാണ് കാണാതായത്. കൊക്കയാറിൽ കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെയാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്.