അറബിക്കടലിന് തെക്കുകിഴക്കായി രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം. സംസ്ഥാനത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യം മുൻനിർത്തി ഇന്ന് ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തും.
നാളെ മുതൽ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച്ച അതി തീവ്രമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കക്കടുത്ത് ശനിയാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി ലക്ഷദ്വീപിനടുത്തുകൂടി വടക്കു പടിഞ്ഞാറു ദിശയിൽ മുന്നേറാനാണ് സാധ്യത. ഇതോടെ കടലിലും തീരത്തും കാറ്റ് ശക്തമാകും. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്നുമുതൽ കടലിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കുള്ള യാത്ര സഞ്ചാരികൾ മാറ്റിവെക്കണമെന്നും നിർദേശമുണ്ട്. തുടർച്ചയായി ഉരുൾപൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കും യാത്ര വേണ്ടെന്ന മുന്നറിയിപ്പുമുണ്ട്. പീച്ചി ഡാമിന്റെയും മാട്ടുപ്പെട്ടി ഡാമിന്റെയും ഷട്ടറുകൾ തുറന്നതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. നാളെ മുതൽ വിവിധയിടങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങളും കൺട്രോൾ റൂമുകളും ആരംഭിക്കും.
https://www.youtube.com/watch?v=dpAs11ex7g8