ഒറ്റ മഴ, കുറ്റി പോലും കാണാനില്ല! വെള്ളക്കെട്ടിലായി താഴ്ന്ന പ്രദേശങ്ങള്‍; സർക്കാർ കാണുന്നുണ്ടോ കെ റെയില്‍ പോകേണ്ട വഴി?

Jaihind Webdesk
Thursday, May 19, 2022

 

കൊച്ചി:  ഒറ്റ മഴയില്‍ വെള്ളക്കെട്ടിലായി സംസ്ഥാനം.  കാലവർഷം കനക്കുന്നതിന് മുന്നേ സര്‍ക്കാർ സ്ഥാപിച്ച കെ റെയിൽ കുറ്റികൾ പലയിടങ്ങളിലും വെള്ളത്തില്‍ മുങ്ങി. മലപ്പുറത്തും എറണാകുളത്തും സിൽവർ ലൈൻ സർവേ കുറ്റികൾ കാണാനില്ല. തിരൂരിൽ സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികളാണ് മഴ കനക്കും മുമ്പേ വെള്ളത്തിൽ മുങ്ങിയത്. തിരൂർ വെങ്ങാലൂരിൽ നിരവധി കുറ്റികൾ വെള്ളത്തിലായി. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലാണ് കുറ്റികൾ വെള്ളത്തിലായത്. സംസ്ഥാനത്തിന്‍റെ പല ഭാ​ഗങ്ങളിലും മഴ കനത്തതോടെ കെ റെയിൽ കുറ്റികളും വെള്ളത്തിൽ മുങ്ങി. സർക്കാരിനുള്ള മുന്നറിയിപ്പാണ് ഈ ദൃശ്യങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മഴ വരാനിരിക്കുന്നതേയുള്ളൂ എന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയില്‍ തന്നെ പല പ്രദേശങ്ങളിലും ഇതിനോടകം വെള്ളക്കെട്ടിലായി. ഒറ്റ മഴയില്‍ വെള്ളത്തില്‍ മുങ്ങുന്ന ഇത്തരം പ്രദേശങ്ങളിലൂടെയാണ്  ഇടതുസർക്കാർ കൊട്ടിഘോഷിക്കുന്ന കെ റെയിലിനായി വന്‍മതില്‍ കെട്ടി ഉയർത്തേണ്ടത്. പരിസ്ഥിതിലോല മേഖലകളിലൂടെ പദ്ധതി കടന്നുപോകുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളുടെ മുന്നറിയിപ്പാണ് ഇപ്പോഴത്തെ കാഴ്ചകളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡാമുകള്‍ കൂടി തുറക്കേണ്ടിവന്നാല്‍ സാഹചര്യങ്ങള്‍ വീണ്ടും പ്രളയസമാനമായേക്കാം.

അതിനിടെ കേരളത്തിന്‍റെ കാലാവസ്ഥ പ്രവചനാതീതമായ സ്ഥിതിയില്‍ മാറുകയാണെന്ന പഠനറിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സവിശേഷമായ ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സമ്പന്നമായ കേരളത്തിലും കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശ്യമായ അതിതീവ്ര കാലാവസ്ഥാപ്രതിഭാസങ്ങൾ വിരൽചൂണ്ടുന്നത് ആഗോളതാപനത്തിന്‍റെ ഫലമായി കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുകയാണെന്നാണ്. മണ്‍സൂണ്‍ സീസണില്‍ രണ്ട് കാലയളവിലായി നടത്തിയ പഠനത്തിലാണ് മാറുന്ന മണ്‍സൂണ്‍ മഴയെക്കുറിച്ച് വ്യക്തമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ മേഘങ്ങളുടെ ഘടനയിലും സ്വഭാവത്തിലും വലിയ വ്യത്യാസം സംഭവിച്ചു. വലിയ മേഘവിസ്‌ഫോടനമുണ്ടാകാൻ അധികസമയം വേണ്ടെന്നും ഒരു പ്രളയം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ പ്രവചനാതീതമായ കാലാവസ്ഥ നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്ത്, പരിസ്ഥിതി ലോല പ്രദേശങ്ങളെ വെട്ടിമുറിക്കുന്ന ഒരു പദ്ധതി കേരളത്തെ എങ്ങനെ ബാധിക്കുമെന്നതാണ് ആശങ്കയുണർത്തുന്നത്. കാര്യമായ പഠനം പോലുമില്ലാതെയാണ് സർക്കാർ സില്‍വർലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലും ജനകീയ-പ്രതിപക്ഷ പ്രതിഷേധങ്ങളെ ഭയന്നും കല്ലിടല്‍ നിർത്തിയെങ്കിലും പദ്ധതി ഉപേക്ഷിക്കില്ലെന്ന് പറയുന്ന സർക്കാരിനുള്ള മുന്നറിയിപ്പാണ്, ഒറ്റ മഴയിലെ ഈ കാഴ്ചകള്‍.